നൂതനമായ സാങ്കേതിക വിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ സുസ്ഥിര കാര്‍ഷിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള അതിവേഗ പാതയിലാണിന്നു കേരളം. കാലാവസ്ഥാ വ്യതിയാനം മൂലവും പ്രകൃതി ദുരന്തങ്ങളാലും സമാനതകളില്ലാത്ത പ്രതികൂല സാഹചര്യത്തില്‍ കൂടിയാണ് കാര്‍ഷിക കേരളം കടന്നുപോകുന്നത്. കാര്‍ഷികമേഖലയെ ചലനാത്മകമാക്കുന്ന കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.

ഓര്‍ഗാനിക് ഫാമിംഗ് വളര്‍ച്ച, അഗ്രി-ടെക് അഡോപ്ഷന്‍ , വിളകളുടെ വൈവിധ്യവല്‍ക്കരണം, നൂതന പദ്ധതികള്‍ , സുസ്ഥിര സമ്പ്രദായങ്ങള്‍ , കര്‍ഷക സഹകരണ സംഘങ്ങള്‍, മൂല്യവര്‍ധനവ് , കാലാവസ്ഥാ-പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയെല്ലാം സമകാലീന കാര്‍ഷികമേഖലയിലെ നൂതന പ്രവണതകളാണ്. ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനും സുസ്ഥിരമായ രീതികള്‍ക്കും വര്‍ദ്ധിച്ച പിന്തുണയോടെ ജൈവ കൃഷി രീതികളിലേക്ക് കാര്യമായ മുന്നേറ്റമുണ്ട്. സാങ്കേതിക വിദ്യയേയും ആശയ വിനിമയ സംവിധാനങ്ങളെയും സംയോജിപ്പിച്ച് കാര്‍ഷിക മേഖലയുടെ വിവിധ തലങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ക്ക് വകുപ്പ് തുടക്കമിട്ടിരിക്കുകയാണ്.

കാര്‍ഷിക സംരംഭങ്ങളും കൂട്ടായ്മകളും ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ട് തലസ്ഥാനനഗരിയില്‍ കൃഷിവകുപ്പിനായി കാബ്‌കോ എക്‌സ്‌പോ സെന്റര്‍ ആന്‍ഡ് അഗ്രിപാര്‍ക്ക് സ്ഥാപിക്കും . 5,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള എക്‌സിബിഷന്‍ സെന്ററില്‍ എക്‌സിബിഷനുകള്‍, കണ്‍വെന്‍ഷനുകള്‍, ട്രേഡ് ഷോകള്‍, ബിസിനസ് മീറ്റുകള്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാവും.

കതിര്‍ ആപ്പ് (കേരള അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ഹബ്ബ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റെപ്പോസിറ്ററി)

കാര്‍ഷിക മേഖലയുടെ സമുന്നതമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ടു കൃഷി വകുപ്പ് തയ്യാറാക്കുന്ന പ്ലാറ്റ്‌ഫോമാണ് കതിര്‍ (കേരള അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ഹബ്ബ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റെപ്പോസിറ്ററി) ആപ്പ് . കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ട വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ വിവര സങ്കേതമാണിത്. കര്‍ഷകര്‍ക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോര്‍ട്ടലാണ് കതിരെന്നും 3 ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത് . ലിങ്ക് – https://play.google.com/store/apps/details?id=com.vassar.aims&hl=en_IN

നവോത്ഥാന്‍ (NAWO-DHAN) പദ്ധതി

വൈവിധ്യമാര്‍ന്ന ഫാമിംഗ് രീതികള്‍കള്‍ക്ക് ഭൂമി ലഭ്യത ഉറപ്പു വരുത്താന്‍ നവോത്ഥാന്‍ പദ്ധതിക്ക് വകുപ്പ് തുടക്കമിട്ടു. കൃഷിക്ക് അനുയോജ്യമായ ഭൂമി വിട്ടു നല്‍കുവാന്‍ താല്പര്യമുള്ള വ്യക്തികളില്‍ നിന്നും കണ്ടെത്തി, അവിടെ കൃഷി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രത്യേകിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍, ഹൈഡ്രോപോണിക്‌സ്, കൃത്യതാ കൃഷി, സംരക്ഷിത കൃഷി, കൂണ്‍ കൃഷി, സംയോജിത കൃഷി തുടങ്ങിയ വൈവിധ്യമാര്‍ന്ന ഫാമിംഗ് രീതികള്‍ അവലംബിക്കുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ /ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ഇടപെടലില്‍ ഭൂമി ലഭ്യമാക്കുക എന്നതാണ് നവോത്ഥാന്‍ പദ്ധതിയുടെ മുഖ്യ ഉദ്ദേശം. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയും അഗ്രിബിസിനസുമായി ബന്ധപ്പെടുത്തി ആകര്‍ഷകമായ വരുമാനം കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തുന്നതിന് ഇതിലൂടെ കഴിയും.

അനുഭവം (അസസ്‌മെന്റ് ഫോര്‍ നര്‍ച്ചറിങ് ആന്റ് അപ് ലിഫ്റ്റിങ് ബെനിഫിഷ്യറി ഹാപ്പിനസ് ആന്റ് അഗ്രികള്‍ച്ചറല്‍ വിസിറ്റര്‍ അസസ്‌മെന്റ് മെക്കാനിസം)

സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യമിട്ട് കൃഷി വകുപ്പ് നൂതന സംരംഭമായ ‘അനുഭവം'(അസസ്‌മെന്റ് ഫോര്‍ നര്‍ച്ചറിങ് ആന്റ് അപ് ലിഫ്റ്റിങ് ബെനിഫിഷ്യറി ഹാപ്പിനസ് ആന്റ് അഗ്രികള്‍ച്ചറല്‍ വിസിറ്റര്‍ അസസ്‌മെന്റ് മെക്കാനിസം) പദ്ധതിക്ക് തുടക്കം കുറിച്ചു . ഓരോ കൃഷിഭവനിലും വൃക്തിഗത ക്യു ആര്‍ കോഡുകള്‍ സ്ഥാപിച്ച് കര്‍ഷകരുടെ പ്രതികരണങ്ങള്‍ തത്സമയം ശേഖരിച്ച്, കൃഷിഭവനുകളിലെ സന്ദര്‍ശക രജിസ്‌ട്രേഷന്‍, പ്രതികരണ സംവിധാനങ്ങള്‍ എന്നിവ സുസംഘടിതമാക്കുന്നതിന് അനുഭവം ലക്ഷ്യമിടുന്നു.

വെളിച്ചം (വിര്‍ച്വല്‍ എന്‍ഗേജ്‌മെന്റ് ഫോര്‍ ലിവറേജിങ് ഇന്ററാക്ടീവ് കമ്യൂണിറ്റി ഹോണ്‍ഡ് അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റ്)

സംസ്ഥാനത്തെ കാര്‍ഷികവികസനവും കര്‍ഷകക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നത് കൂടുതല്‍ ജനകീയവും സുതാര്യവുമാക്കാന്‍ വിവിധ സര്‍ക്കാര്‍യോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ ലൈവായി ഓണ്‍ലൈന്‍ പ്രക്ഷേപണം നടത്തുന്നതിന് വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് വെളിച്ചം (വിര്‍ച്വല്‍ എന്‍ഗേജ്‌മെന്റ് ഫോര്‍ ലിവറേജിങ് ഇന്ററാക്ടീവ് കമ്യൂണിറ്റി ഹോണ്‍ഡ് അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റ്). സര്‍ക്കാര്‍ സംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസം വളര്‍ത്തുക, പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുക, തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുക എന്നിവ പദ്ധതിയിലൂടെ സാധ്യമാകും.

error: Content is protected !!