
ചെന്നൈ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് തമിഴ്നാട്ടില്‍നിന്നുള്ള മനുഷ്യസ്‌നേഹിയായ ഒരു ചായക്കടക്കാരനില്‍നിന്ന് ചെറുസഹായം.
പുതുക്കോട്ടജില്ലയിലെ മേട്ടുപ്പട്ടി ഗ്രാമത്തില്‍ ‘ഭഗവാന്‍ ടീസ്റ്റാള്‍’നടത്തുന്ന ശിവകുമാര്‍ വയനാടിനായി 12 മണിക്കൂറില്‍ സമാഹരിച്ചത് 44,700 രൂപ.ഇതിനായി ഗ്രാമവാസികള്‍ക്കായി ‘മൊയ് വിരുന്ത്’ എന്നപേരില്‍ ചായസത്കാരം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെമുതല്‍ വൈകീട്ടുവരെ ഇതു നീണ്ടു. കടയിലെത്തിയ എല്ലാവര്‍ക്കും ശിവകുമാറിന്റെവക ചായ സൗജന്യമായി നല്‍കി.

കടയ്ക്കുള്ളല്‍ സ്ഥാപിച്ച ഹുണ്ടികയില്‍ ഇഷ്ടമുള്ള പണമിടാമെന്നും സന്ദര്‍ശകരെ അറിയിച്ചു. വൈകീട്ട് ആറരയായപ്പോഴക്കും ഹുണ്ടിക തുറന്ന് നാട്ടുകാരുടെ മുന്നില്‍വെച്ചുതന്നെ പണം എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ 44, 700 രൂപ ലഭിച്ചു. കേരളമുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് സഹായധനം കൈമാറണമെന്നായിരുന്നു ആഗ്രഹം എന്നാല്‍, കേരളത്തിലേക്കുള്ള യാത്രാക്കൂലികൂടി ചേര്‍ത്ത് ദുരിതാശ്വാസനിധിയിലേക്കു നല്‍കാന്‍ 43- കാരനായ ശിവകുമാര്‍ തീരുമാനിക്കുകയായിരുന്നു. 2018 മുതല്‍ നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ശിവകുമാറെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.


