
മൂവാറ്റുപുഴ: പതിനെട്ടുവർഷം മുൻപ് ജ്വല്ലറിയിൽ നിന്നും കാൽ കിലോ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. എന്നാൽ, കേരള പൊലീസ് മുംബൈയിൽ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്ത പ്രതി മഹീന്ദ്ര ഹസ്ബാ യാദവി (53) നെ കേരളത്തിലെത്തിച്ചതോടെ സംഭവത്തിൽ ട്വിസ്റ്റും. അന്നു മോഷ്ടിച്ച 240 ഗ്രാം സ്വർണത്തിന്റെ വില നൽകി മഹീന്ദ്ര ഹസ്ബാ യാദവ് കേസിൽ നിന്നും തടിയൂരി.
മൂവാറ്റുപുഴ കല്ലറയ്ക്കൽ ജൂവലറിയിൽ നിന്നാണ് മഹീന്ദ്ര ഹസ്ബാ യാദവ് 18 വർഷം മുമ്പ് 240 ഗ്രാം സ്വർണവുമായി കടന്നുകളഞ്ഞത്. ഇതേ ജ്വല്ലറിയിലെ ജോലിക്കാനായിരുന്നു ഇയാൾ. മോഷ്ടിച്ച സ്വർണവുമായി മുംബൈയിലെത്തിയ ഇയാൾ ആ സ്വർണം ഉപയോഗിച്ച് ആഭരണ കച്ചവടം തുടങ്ങുകയും സ്വന്തമായി ജ്വല്ലറി ആരംഭിക്കുകയുമായിരുന്നു.
മഹീന്ദ്രനും സഹോദരനും മുംബൈയിലെ മുളുണ്ടിൽ ഒരോ ജൂവലറി വീതമുണ്ട്. സഹോദരന്റെ ജൂവലറിയുടെ ഉദ്ഘാടനചിത്രം മഹീന്ദ്രന്റെ മകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിൽനിന്നാണ് ഇയാളെ കുറിച്ച് വേണുഗോപാലിന് വിവരം ലഭിക്കുന്നത്. ഇവിടെനിന്ന് 15 കിലോമീറ്റർ മാറിയാണ് മഹീന്ദ്രന്റെ ജൂവലറി.
മുംബൈയിൽനിന്ന് പോലീസ് പിടികൂടി നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഇരട്ടിസ്വർണം നൽകി കേസ് ഒത്തുതീർപ്പാക്കാമെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു. അത് മുഖവിലയ്ക്കെടുക്കാതെ പോലീസ് സംഘം പ്രതിയുമായി പോന്നു. സംഘം മൂവാറ്റുപുഴയിൽ എത്തുമ്പോൾ മഹീന്ദ്രന്റെ മകൻ അഭിഭാഷകനുമായി കാത്തുനിൽപ്പുണ്ടായിരുന്നു. കോടതി ഇടപെട്ട് പ്രതിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് പണം തിരികെ നൽകിയതെന്ന് കല്ലറയ്ക്കൽ ജൂവലറി ഉടമ വേണുഗോപാൽ പറഞ്ഞു.
അതിനിടെ, പോലീസ് അന്വേഷിച്ചുനടന്ന പ്രതി മൂന്നാഴ്ച മുൻപ് മൂന്നാറിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിനിടെ മൂവാറ്റുപുഴയിൽ കുടുംബസമേതം വന്നുപോയെന്ന വിവരവും പുറത്തുവന്നു. സ്വർണം അപഹരിച്ച ജൂവലറിക്ക് സമീപമെത്തിയതും ആരും അറിഞ്ഞില്ല. മഹീന്ദ്രൻ തന്നെയാണ് ഇക്കാര്യം വേണുഗോപാലിനോടും പോലീസിനോടും പറഞ്ഞത്. അന്ന് വന്നപ്പോൾ മുൻപ് താൻ ജോലിചെയ്തിരുന്ന ജൂവലറി കുടുംബാംഗങ്ങൾക്ക് കാട്ടിക്കൊടുത്തതായും മഹീന്ദ്രൻ പറഞ്ഞു.
നഷ്ടപ്പെട്ട സ്വർണത്തിന്റെ വിലയും വർഷങ്ങളുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും കണക്കാക്കി ഇരട്ടിത്തുകയാണ് ചോദിച്ചതെങ്കിലും അതൊന്നും ലഭിച്ചില്ലെന്ന് വേണുഗോപാൽ പറയുന്നു. മുംബൈയിൽനിന്ന് വേണുഗോപാലിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതോടെ പരാതിയില്ലെന്ന് അഭിഭാഷകന് രേഖാമൂലം എഴുതി നൽകി. ഇതോടെ റിമാൻഡിലായിരുന്ന പ്രതി മഹീന്ദ്ര ഹസ്ബാ യാദവിന് ജാമ്യവും ലഭിച്ചു. പ്രതിയെ കൂടുതൽ അന്വേഷണത്തിന് പോലീസ് കസ്റ്റഡിയിൽ വാങ്ങാനിരിക്കെയാണ് കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. അതേസമയം, കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു എന്നല്ലാതെ പരാതിക്കാരന് നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിച്ചോ എന്ന് അറിയില്ലെന്ന് പോലീസ് വ്യക്തമാക്കി

