മുംബൈ: മഹാരാഷ്ട്രയിലെ പുണെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

പൂനെ സയ്യിദ്‌നഗറിലെ ഒന്‍പതുവയസ്സുകാരി മറിയ അന്‍സാരിയുടെ മൃതദേഹമാണ് തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ നാലുവയസ്സുകാരന്‍ അദ്‌നാന്‍ അന്‍സാരിക്കായി തിരച്ചില്‍ തുടരുകയാണ്.

ലോണാവാല ബുഷി ഡാമിന് സമീപത്തെ വെള്ളച്ചാട്ടത്തിലാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിലിറങ്ങിയ കുടുംബം അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ടവരില്‍ ഒരു യുവതിയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തി. പൂനെ സയ്യിദ് നഗറിലെ ഷാഹിസ്ത ലിയാഖത്ത് അന്‍സാരി(36), അമിമ ആദില്‍ അന്‍സാരി(13), ഹുമേറ ആദില്‍ അന്‍സാരി(എട്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച തിരച്ചിലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടുകുട്ടികളെ കൂടി കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ചയും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിലിനിറങ്ങുകയായിരുന്നു.

പൂനെ സയ്യിദ്‌നഗറിലെ അന്‍സാരി കുടുംബത്തിലെ അംഗങ്ങളാണ് ബുഷി ഡാമിലെ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ടത്. 17 പേരടങ്ങുന്ന സംഘം സയ്യിദ്‌നഗറില്‍നിന്ന് ബസ്സിലാണ് ബുഷി ഡാമിലെത്തിയത്. തുടര്‍ന്ന് സമീപത്തെ വെള്ളച്ചാട്ടം കാണാനായി പോയി. സംഘത്തിലെ ചിലര്‍ വെള്ളച്ചാട്ടത്തിലിറങ്ങി. ഇതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അപ്രതീക്ഷിതമായ വെള്ളം ഇരച്ചെത്തിയതോടെ കുടുംബം ഒരു പാറയ്ക്ക് മുകളില്‍ കുടുങ്ങിപ്പോയി. ഒഴുകിപ്പോകാതിരിക്കാനായി ഇവര്‍ പരസ്പരം കൈകള്‍ ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും രക്ഷപ്പെടാനായില്ല. ഇതിനിടെ സമീപത്തുണ്ടായിരുന്ന മറ്റു ബന്ധുക്കള്‍ സഹായത്തിനായി അലറിവിളിക്കുന്നതും പരസ്പരം കൈകള്‍ ചേര്‍ത്തുപിടിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുന്നതും കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു.

പൂനെ സയ്യിദ്‌നഗറിലെ അന്‍സാരി കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കം 17 പേരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. രണ്ടുദിവസം മുന്‍പ് കുടുംബത്തിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളും ഇതിലുണ്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഘം ലോണാവാലയിലേക്ക് ബസ്സില്‍ യാത്രതിരിച്ചത്. കഴിഞ്ഞദിവസം പ്രദേശത്ത് കനത്ത മഴയും ഉണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലുണ്ടായി കുട്ടികളടക്കം കുടുംബത്തിലെ ഏഴുപേര്‍ ഒഴുക്കില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!