കണ്ണൂർ: ഭാര്യയുടെ സിം​ഗിൾ ബെല്ലിൽ ജോമോൻ ബസ് നിർത്തും. ഭാര്യ ഡബിൾ ബെല്ലടിച്ചാൽ ബസ് മുന്നോട്ട് നീങ്ങും. കുടുംബ ജീവിതത്തിൽ മാത്രമല്ല, തൊഴിലിടത്തിലും ജോമോന്റെ വേ​ഗനിയന്ത്രണം ഭാര്യ ജിജിനയുടെ കൈകളിലാണ്. ചെറുപുഴ – വെള്ളരിക്കുണ്ട് – പാണത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത്. ഡ്രൈവി​ഗ് സീറ്റിൽ ഭർത്താവും കണ്ടക്ടറുടെയും ക്ലീനറുടെയും വേഷത്തിൽ ഭാര്യയും.

ചെറുപ്പം മുതൽ തന്നെ വാഹനങ്ങളോടായിരുന്നു ജിജിനക്ക് പ്രിയം. വിവാ​ഹത്തിന് ശേഷമാണ് ഡ്രൈവിം​ഗ് പഠിക്കുന്നത്. ഡ്രൈവറായ ജോമോൻ വീട്ടിൽ കൊണ്ടുവരുന്ന വാഹനങ്ങൾ ഓടിച്ചു പഠിച്ചാണ് ജിജിനയുടെ തുടക്കം. ഡ്രൈവിങ്ങിൽ മികവ് തെളിയിച്ച ജിജിന അധികം വൈകാതെ തന്നെ ഹെവി ലൈസൻസ് സ്വന്തമാക്കി. ജീവിതയാത്രയിൽ എപ്പോഴും ഭർത്താവിനൊപ്പം കൂട്ടായി വേണം എന്ന ജിജിനയുടെ ആഗ്രഹത്തിനും ജോമോൻ എതിരുപറഞ്ഞില്ല. കണ്ടക്ടർ ലൈസൻസ് കൂടി എടുത്താൽ രണ്ടുപേർക്കും ഒരുമിച്ച് ജോലി ചെയ്യാമല്ലോ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് ജോമോൻ തന്നെ ആയിരുന്നു. അങ്ങനെ കണ്ടക്ടർ ലൈസൻസും സ്വന്തമാക്കി.

ഡ്രൈവിംഗ് ലൈസൻസും കണ്ടക്ടർ ലൈസൻസും സ്വന്തമാക്കിയതോടെ ആ ആഗ്രഹത്തിലേക്കുള്ള ദൂരം നന്നേ കുറഞ്ഞു. പിന്നെ വൈകിയില്ല, ജീവിതത്തിലും തൊഴിലിലും ജോമോനും ജിജിനയും ഒരേ റൂട്ടിലായി. ഇപ്പോൾ രണ്ടുമാസമായി ഇരുവരും ഒരേ ബസ്സിലാണ് ജോലി ചെയ്യുന്നത്. ബസ്സിന്റെ ഉടമകളുടെ ഭാഗത്തുനിന്നും തങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇവർ പറയുന്നു.

വാവൽമടയിലെ വീട്ടിൽ നിന്ന് ഒരുമിച്ചിറങ്ങി രാവിലെ 7. 30 -ന് ബസ്സിൽ കയറിയാൽ വൈകിട്ട് 6.30 -ന് അവസാന റൂട്ടിലേക്കുള്ള യാത്രക്കാരെയും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചതിനുശേഷം ആണ് തിരികെ വീട്ടിലേക്കുള്ള ഇവരുടെ മടക്കം. ആറാം ക്ലാസിൽ പഠിക്കുന്ന ജോവാനാ ട്രീസയും യുകെജിക്കാരൻ ജോഷ്വാ ജോമോനുമാണ് മക്കൾ. തങ്ങളുടെ യാത്രയ്ക്ക് കട്ട സപ്പോർട്ട് ആയി മക്കളും കുടുംബാംഗങ്ങളും കൂടെയുണ്ടെന്നാണ് ജോമോനും ജിജിനയും പറയുന്നത്.

വിദേശത്ത് ജോലിക്കു പോകാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അതു വേണ്ടന്നു വച്ച് തൻ്റെ ഭർത്താവിനൊപ്പം ജോലിചെയ്യുകയാണ് ജിജിന. പാടിയോട്ടുചാൽ വൈഎംസിഎയുടെ നേതൃത്വത്തിൽ ജിജിനയേയും ജോമോനെയും ആദരിച്ചിരുന്നു. മറ്റ് ബസ് ജീവനക്കാർക്കും ഇവരെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്.