
വാളയാർ : രേഖകളില്ലാതെ 64.5 ലക്ഷം രൂപ ബസിൽ കടത്തുകയായിരുന്ന ഹൈദരാബാദ് സ്വദേശിയെ വാളയാറിൽ പിടികൂടി. രാമശേഖർ റെഡ്ഡി (38) എന്നയാളാണ് പിടിയിലായത്. വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്ക് വന്ന വോൾവോ ബസിൽ 500ന്റെ കെട്ടുകളാക്കി ബാഗിൽ നിറച്ച പണമാണ് പിടികൂടിയത്. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി റോബർട്ടിന്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലായിരുന്നു സംഭവം. ഒറ്റപ്പാലം എക്സൈസ് റേഞ്ച് അസി ഇൻസ്പെക്ടർ എൻ പ്രേമാനന്ദകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി ഹരീഷ്, എ ദിലീപ് എന്നിവരാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.
പണം കടത്തിയ ആളെയും പിടികൂടിയ പണവും പാലക്കാട് ഇൻകം ടാക്സ് അസി ഡയറക്ടർക്ക് കൈമാറി.


