
ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 12 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇതിനായി മുൻവർഷം നൽകിയ 9,000 റോബോട്ടിക് കിറ്റുകൾക്ക് പുറമെ ഈ വർഷം 20,000 റോബോട്ടിക് കിറ്റുകൾ കൂടി സി.എസ്.ആർ ഫണ്ടുൾപ്പെടെ പ്രയോജനപ്പെടുത്തി സ്‌കൂളുകളിൽ പുതുതായി അടുത്ത മാസം മുതൽ ലഭ്യമാക്കും.
ഇതോടെ 29,000 റോബോട്ടിക് കിറ്റുകളാണ് സ്‌കൂളുകളിൽ ലഭ്യമാവുക. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി ശൃംഖലയായ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകളിൽ ഈ വർഷം മാത്രം ഇതുവരെ പുതുതായി എട്ടാം ക്ലാസിലെ 66,609 കുട്ടികൾ അംഗങ്ങളായി. യൂറോപ്യൻ രാജ്യമായ ഫിൻലാന്റുൾപ്പെടെ ഈ മാതൃക നടപ്പാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഹൈടെക് ക്ലാസ് മുറികളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക കാര്യങ്ങളുടെ ചുമതലയുള്ള കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസ് ഡിജിറ്റൽ പോർട്ടൽ ഈ മാസം മുതൽ നമ്മുടെ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
അധ്യാപകർക്ക് വിവിധ പാഠഭാഗങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എളുപ്പത്തിലും കാര്യക്ഷമമായും പഠിപ്പിക്കാൻ കഴിയുന്ന വിഭവങ്ങൾക്കു പുറമെ കുട്ടികൾക്കായി പ്രത്യേക പഠനമുറിയും സമഗ്ര പ്ലസ് പോർട്ടലിലുണ്ടാകും. അഞ്ചു വർഷം വാറണ്ടി പൂർത്തിയാക്കിയ ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലെ ഹൈടെക് സ്‌കൂൾ പദ്ധതിയിലെ ഉപകരണങ്ങൾക്ക് എ.എം.സി ഏർപ്പെടുത്തി. അതേ മാതൃകയിൽ ഈവർഷം പ്രൈമറി – അപ്പർപ്രൈമറി വിഭാഗത്തിൽ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 54,916 ലാപ്ടോപ്പുകൾക്കും 23,050 പ്രൊജക്ടറുകൾക്കും എ.എം.സി ഏർപ്പെടുത്തും.
ഹൈടെക് ക്ലാസ് മുറികളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പു വരുത്തുന്നതോടൊപ്പം എട്ട് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ അവശേഷിക്കുന്ന ക്ലാസ്മുറികൾ ഹൈടെക് ആക്കാനും, കേടുപാടുവരുന്നവ പുതുക്കാനും ഈ വർഷം പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. സി.എസ്.ആർ. ഫണ്ടുൾപ്പെടെ ഇതിലേക്കായി ലഭ്യമാക്കും.
മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള സംസ്ഥാനതല അവാർഡ് വിതരണവും ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനറിപ്പോർട്ടിന്റെ പ്രകാശനവും ജൂലൈ 6 ശനിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.


