സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് 3 ന് ആയിരിക്കും. ആഗസ്റ്റ് 5 മുതല്‍ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

വയനാട് – ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് ഭക്ഷ്യ വകുപ്പ് സജ്ജീകരണങ്ങള്‍ ഒരുക്കി.ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ജില്ലയിലേയും സമീപജില്ലകളിലേയും സപ്ലൈകോ-ഭക്ഷ്യ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതാശ്വാസക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.