മൊബൈൽ നമ്പർ പോർട്ടബിലിറ്റി (MNP) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി ജൂലൈ 1, തിങ്കളാഴ്ച്ച മുതൽ നിലവിൽ വരുമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) അറിയിച്ചു. സിം സ്വാപ്പ്, സിം റീപ്ലേസ്മെന്റ് പോലെയുള്ള തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെ പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. മൊബൈൽ നമ്പർ നില നിർത്തി മറ്റൊരു സേവന ദാതാവിലേക്ക് മാറുന്നതിനെയാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി എന്നു പറയുന്നത്. നിലവിലെ ഉപയോക്താവിന് നഷ്ടപ്പെട്ടതോ, പ്രവർത്തന രഹിതമായതോ ആയ സിം കാർഡിന് പകരം പുതിയ സിം കാർഡ് നൽകുന്നതിനെയാണ് സിം സ്വാപ്പ് അല്ലെങ്കിൽ സിം റീപ്ലേസ്മെന്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്താണ് പുതിയ പോളിസി?
സിം സ്വാപ് തട്ടിപ്പ് വ്യാപകമായതാണ് ചട്ടങ്ങളിൽ ഭേഗതി വരുത്താനുള്ള പ്രധാന കാരണം. ഒരു സിം കാർഡ് നഷ്ടമായാൽ മൊബൈൽ നമ്പർ മറ്റൊരു സിം കാർഡിലേക്ക് മാറ്റാൻ സാധിക്കുന്ന സൗകര്യമാണ് തട്ടിപ്പുകാർ പ്രയോജനപ്പെടുത്തുന്നത്. ഇവിടെ യഥാർത്ഥ സിംകാർഡ് ഉടമ അറിയാതെ ഫോൺ നമ്പർ മറ്റൊരു സിമ്മിലേക്കു മാറ്റുകയും അതിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയുമാണ് ചെയ്യുന്നത്. സിം പ്രവർത്തന രഹിതമായാലും അതിന്റെ കാരണം ഉപയോക്താവിന് പെട്ടെന്ന് മനസ്സിലാകണമെന്നില്ല. നമ്പർ പോർട്ട് ചെയ്ത കാര്യം അറിയുമ്പോഴേക്കും അക്കൗണ്ടിലെ പണം നഷ്ടമായിരിക്കും.


പുതിയ ചട്ടങ്ങൾ പ്രകാരം മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (UPC) യിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി അപേക്ഷ നൽകിക്കഴിഞ്ഞാൽ അപേക്ഷകന് ലഭിക്കുന്ന കോഡാണ് UPC. ടെലികോം സേവന ദാതാവിനെ മാറ്റുമ്പോഴും, സിം റീപ്ലേസ് ചെയ്യുമ്പോഴും ഈ കോഡാണ് ഉപയോഗിക്കുന്നത്. അതിനാൽത്തന്നെ തട്ടിപ്പുകൾ തടയാൻ TRAI ആദ്യം ലക്ഷ്യമിട്ടതും UPC നിയന്ത്രണമാണ്.പുതിയ ചട്ടങ്ങൾ പ്രകാരം, ജൂലൈ 1 മുതൽ, മൊബൈൽ നമ്പർ മാറ്റാതെ പുതിയ സിം കാർഡ് എടുത്തതിന് ശേഷം ഏഴു ദിവസം കഴിഞ്ഞ് മാത്രമേ UPC നൽകുകയുള്ളൂ. ഇത്തരത്തിൽ കാലതാമസം വരുന്നത് തട്ടിപ്പുകൾ തടയാനും, പോർട്ടബിലിറ്റ് നടപടിക്രമങ്ങളിൽ സുരക്ഷിതത്ത്വം വർധിപ്പിക്കാനും സഹായകമാകും. അതേ സമയം 3G നെറ്റ് വർക്കിൽ നിന്നും 4G, 5G നെറ്റ് വർക്കുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!