ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ കരസേനാ മേധാവിയായി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. സേനയുടെ 30-ാമത്തെ ചീഫാണ് ദ്വിവേദി. ജനറല്‍ മനോജ് പാണ്ഡെ വിരമിച്ചതിനെ തുടര്‍ന്നാണ് ഉപേന്ദ്ര ദ്വിവേദി പദവിയിലെത്തിയത്.

ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ സൈനിക നീക്കങ്ങളില്‍ ഏറെ അനുഭവ സമ്പത്തുള്ള ദ്വിവേദി കരസേനയുടെ ഉപ മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2022 മുതല്‍ 2024 ഫെബ്രുവരി 19ന് സേനയുടെ ഉപ മേധാവി സ്ഥാനമേറ്റെടുക്കുന്നതു വരെ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്നു അദ്ദേഹം.

1984 ഡിസംബര്‍ 15 ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ജമ്മു കശ്മീര്‍ റൈഫിള്‍സിന്റെ 18-ാം ബറ്റാലിയനിലേക്ക് ജനറല്‍ ദ്വിവേദി കമ്മീഷന്‍ ചെയ്യപ്പെട്ടു. ഓപറേഷന്‍ രക്ഷക് സമയത്ത് കശ്മീര്‍ താഴ്‌വരയിലെ ചൗക്കിബാലിലും രാജസ്ഥാനിലെ മരുഭൂമികളിലും ഒരു ബറ്റാലിയന്‍ കമാന്‍ഡ് ചെയ്തിട്ടുണ്ട്. അസമില്‍ അസം റൈഫിള്‍സിന്റെ ഇന്‍സ്പെക്ടര്‍ ജനറലായും മറ്റ് നിരവധി സ്റ്റാഫ് & കമാന്‍ഡറായും സേവനമനുഷ്ഠിച്ചു.