കടയ്ക്കൽ ടൂറിസം ചിറകുവിരിയ്ക്കുന്നു.കടയ്ക്കൽ പഞ്ചായത്തിലെ മാറ്റിടാം പാറ, കടയ്ക്കൽ ദേവീ ക്ഷേത്രം തീർത്ടനഥാടന കേന്ദ്രം, വിപ്ലവ സ്മാരകം എന്നിവ കൂട്ടിയിണക്കി കടയ്ക്കലിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള കടയ്ക്കൽ പഞ്ചായത്ത്‌ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേയ്ക്ക്.

സൗന്ദര്യം കൊണ്ടും, വൈവിധ്യങ്ങൾ കൊണ്ടും എല്ലാവരെയും ആകർഷിക്കുന്ന ഒട്ടനവധി കാഴ്ചകൾ സമ്മാനിക്കുന്ന നാടാണ് കടയ്ക്കൽ.

തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും വലിയ ക്ഷേത്രവുമാണ്, കടയ്ക്കൽ ക്ഷേത്രം.കാർഷിക വിപ്ലവത്തിന്റെ സ്മരണകൾ ഉറങ്ങുന്ന ജാതി,മത വർണ്ണ ഭേദമില്ലാതെ ഏവർക്കും ഒത്തുചേരാനുള്ള ഒരിടം കൂടി ആണ് ഈ ക്ഷേത്ര നാട്. കടയ്ക്കൽ തിരുവാതിര ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്.

ഒരുപാട് ഐതീഹ്യങ്ങൾ ഉറങ്ങുന്ന വിഗ്രഹമില്ലാത്ത ക്ഷേത്രമാണ് കടയ്ക്കൽ ദേവി ക്ഷേത്രം. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്നത്ഭദ്രകാളി സങ്കല്പത്തിലാണ് ക്ഷേത്രചാരങ്ങൾ. ദേവീ ക്ഷേത്രം കൂടാതെ മറ്റ് രണ്ട് ഉപ ക്ഷേത്രങ്ങൾ കൂടിയുണ്ട്.

CLICKNSHOOT

അബ്രഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ർ കുറുപ്പിന്റെ പിൻ‌തലമുറക്കാരാണ് ശാന്തിക്കാർ.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലർ, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കൾ.

കുംഭമാസത്തിലെ തിരുവാതിര കടയ്ക്കൽ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ‍ണ്ടു നിൽക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സ്ത്രീക്കൾ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കൽ പീടിക ക്ഷേത്രത്തിന് മുന്നിൽ പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തിൽ പെടുന്നു.

CLICKNSHOOT

ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകൾ. ശില്പസുന്ദരമായ എടുപ്പു കുതിരകൾക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടൻ കലാരൂ‍പങ്ങളും അകമ്പടി സേവിക്കുന്നു. 40 മുതൽ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റൻ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാർ തോളിൽ ചുമന്നാണ്.

കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീ‍ടിക ദേവി ക്ഷേത്രത്തിലെത്തി , അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത്. പല ഭാഗങ്ങളിൽ നിന്നും വരുന്ന കെട്ടു കാഴ്ചകൾ രാത്രിയോടെ അമ്പല മുറ്റത്തെത്തുന്നു. അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അർപ്പിക്കുന്ന ഗുരുതിയോടെ ഉത്സവം സമാ‍പിക്കുന്നു.

പുരാതന കാലം മുതൽ പേരുകേട്ട കടയ്ക്കൽ ക്ഷേത്രക്കുളം. .പഞ്ചമഹാക്ഷേത്രങ്ങളുടെയിടയിൽ ആൽത്തറമൂട് കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കുളത്തിൽ മുൻകാലത്ത് സ്ത്രീകൾക്ക് കുളിക്കാനായി കുളിപുരകൾ ഉണ്ടായിരുന്നു.

സ്വപ്ന പദ്ധതിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി.കൊല്ലം ജില്ലാപഞ്ചായത്ത് കടയ്ക്കൽ ക്ഷേത്ര കുളത്തിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി.നാടിന്റെ ജല സ്രോതസുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കടയ്ക്കൽ ക്ഷേത്ര കുളം.2015 ൽ സഹസ്ര സരോവർ പദ്ധതി പ്രകാരം പുനർനിർമ്മിച്ചു മനോഹരമാക്കി.ഒട്ടനവധി വൈവിധ്യങ്ങളായ മീനുകളുടെയും, ജലജീവികളുടെയും നല്ലൊരു ആവാസ കേന്ദ്രം കൂടിയാണ് ഈ കുളം, ചെറുതും വലുതുമായ നല്ലൊരു മാത്സ്യ സമ്പത്ത് തന്നെ ഈ കുളത്തിലുണ്ട് ഇത് കാണുവാൻ വിദൂര ദേശങ്ങളിൽ നിന്ന് ധാരാളം ജനങ്ങൾ ഇവിടെത്താറുണ്ട്.

കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ സാം കെ ഡാനിയേലിന്റെ സഹായത്താൽ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ 80 ലക്ഷം രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമ്മാണ ചുമതല ഹാബിറ്റാറ്റിന് നൽകു കയായിരുന്നു.

കുളത്തിന് ചുറ്റുമായി നടപ്പത ഇന്റർ ലോക്ക് ഇട്ട് മനോഹരമാക്കും, ഇരിപ്പിടങ്ങൾ ,ഓപ്പൺ സ്റ്റേജ് ഓപ്പൺ ജിംനേഷ്യം ലൈറ്റുകൾ എന്നിവ അടങ്ങിയതാണ് മാസ്റ്റർ പ്ലാൻ അതിൽ. ഓപ്പൺ ജിംനേഷ്യം മുന്നേ പണി പൂർത്തിയാക്കി പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തു.നാടിന്റെ കലാ, സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ പദ്ധത്തിയ്ക്ക് കഴിയും.സാധാരണ ജനങ്ങൾക്കും, കുട്ടികൾക്കും, വയോജനങ്ങൾക്കും വ്യായാമത്തിനും, വിശ്രമത്തിനും ഈ പദ്ധതി ഗുണകരമാകും.

കേരള ചരിത്രത്തിലെ ചാരംമൂടിയ കനൽക്കട്ടയാണ് കടയ്ക്കൽ വിപ്ലവം. അധികാരത്തിന്റെ അടിച്ചമർത്തലിനെ നിർഭയത്വം എന്ന ആയുധം കൊണ്ട് കുറച്ചുകാലത്തേയ്ക്കെങ്കിലും ചെറുത്തുതോൽപ്പിച്ച ധീരദേശാഭിമാനികളുടെ ആവേശകരമായ ഓർമ്മകളാണ് കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന പ്രദേശവുമായി ബന്ധപ്പെട്ടുള്ളത്.

ഔദ്യോഗിക ചരിത്രരചയിതാക്കൾ കുറ്റകരമായി മറന്നു കളയാൻ ശ്രമിച്ച കടയ്ക്കൽ വിപ്ലവത്തെയും വിപ്ലവകാരികളെയും നാടിന്റെ ഓർമ്മകളിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിക്കാൻ നടത്തിയ ഉജ്വലമായ ശ്രമമാണ് കടയ്ക്കൽ എൻ ഗോപിനാഥപിള്ളയുടെ കടയ്ക്കൽ വിപ്ലവം എന്ന പുസ്തകം.

1938ലെ കടയ്ക്കൽ സ്വാതന്ത്ര്യസമരം, നമ്മുടെ നാട്ടിലെ സാധാരണ മനുഷ്യരിൽ പടർന്ന സ്വാതന്ത്ര്യദാഹത്തിന്റെ ഏറ്റവും തീവ്രമായ ബഹിർസ്ഫുരണമായിരുന്നു. പ്രാദേശിക ചന്തകളിൽപ്പോലും സർ സി.പി രാമസ്വാമി അയ്യരുടെ ദുരധികാരം ഘനീഭവിച്ചു നിന്ന കാലം. കരാറുകാരും ചന്തപ്പിരിവുകാരും പ്രമാണിമാരും ചട്ടമ്പിമാരും സിപിയുടെ സാമന്തന്മാരായി ദേശം അടക്കിവാണു. ചോദ്യം ചെയ്യുന്നവർക്ക് ക്രൂരമായ മർദ്ദനവും പീഢനവും.

തിരുവിതാംകൂർ ഭരണത്തിന്റെ മർദ്ദകസ്വഭാവം ഒട്ടും ചോരാതെ അക്കാലത്തെ ചന്തക്കരം പിരിവിൽ പ്രതിഫലിച്ചിരുന്നു. ഈ കാട്ടുനീതി വകവെച്ചുകൊടുക്കാനാവില്ല എന്ന ബോധത്തിലേയ്ക്ക് പുരോഗമനചിന്താഗതിക്കാരായ ചെറുപ്പക്കാരെത്തുകയും ദുർവഹമായ ഈ കരംപിരിവ് അവസാനിപ്പിച്ചേ തീരൂ എന്ന് തീരുമാനിക്കുകയും ചെയ്തു. രണ്ടേ രണ്ടു സ്വാതന്ത്ര്യസമരഭടന്മാരെയാണ് തിരുവിതാംകൂർ രാജഭരണം തൂക്കിലേറ്റിയത്.

കൊച്ചപ്പിപിള്ളയും, പട്ടാളം കൃഷ്ണനും. കല്ലറ ചന്തയിലെ അന്യായമായ ചുങ്കപ്പിരിവിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ചെറുത്തുനിന്നതിന്റെ പേരിലാണ് ഇവരെ തൂക്കിലേറ്റിയത്. പട്ടാളം കൃഷ്ണന്റെയും കൊച്ചപ്പിപ്പിള്ളയുടെയും അന്ത്യനിമിഷങ്ങൾ ശ്രീ ഗോപിനാഥൻ പിള്ള വിവരിക്കുന്നതു വായിക്കുമ്പോൾ, മനുഷ്യത്വം തൊട്ടുതേച്ചിട്ടില്ലാത്ത ദുർഭരണനീതിയ്ക്കെതിരെ നാം അറിയാതെ മുഷ്ടിചുരുട്ടും.

കടയ്ക്കൽ ചന്തയിലും സമാനമായ പിരിവാണ് അരങ്ങേറിയത്. ഔദ്യോഗികമായി തീരുമാനിച്ച് പ്രദർശിപ്പിച്ച നിരക്കിൽ നിന്ന് നാലും അഞ്ചും മടങ്ങ് കരം, ചന്തക്കരത്തിനു പുറമെ അന്യായമായ ചുമട്ടുകൂലി, ചന്തയിലെത്തുന്ന സ്ത്രീകളോട് അപമര്യാദയോടുള്ള പെരുമാറ്റം, ചോദ്യം ചെയ്താൽ കള്ളക്കേസും പൊലീസ് മർദ്ദനവും.

കണ്ണിൽച്ചോരയില്ലാത്ത ഈ അധികാരപ്രയോഗത്തിനെതിരെ ജനങ്ങളുടെ സംഘടിതശക്തി രൂപം കൊണ്ടത് എങ്ങനെയെന്ന് കടയ്ക്കൽ വിപ്ലവം എന്ന കൃതി സവിസ്തരം പ്രതിപാദിക്കുന്നു. അധികാരികളോട് മുഖാമുഖം ഏറ്റുമുട്ടാനുള്ള തന്റേടത്തിന്റെ പൊതുഅന്തരീക്ഷം കടയ്ക്കൽ പ്രദേശത്തെ ചെറുപ്പക്കാരിൽ രൂപപ്പെടാൻ ഇടയായ അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യസാഹചര്യങ്ങൾ കൂടി പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പൊതുമണ്ഡലത്തിലാകെ രൂപപ്പെട്ട മർദ്ദകഭരണവിരുദ്ധവികാരത്തിന്റെ പ്രതിഫലനമാണ് കടയ്ക്കലും സംഭവിച്ചത് എന്ന് ഗ്രന്ഥകാരൻ കാര്യകാരണ സഹിതം ചൂണ്ടിക്കാട്ടുന്നു.

ആറ്റിങ്ങൽ വലിയകുന്നിൽ നടന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത കുമ്മിൾ പകുതിയിലെ ചെറുപ്പക്കാരാണ് യഥാർത്ഥത്തിൽ കടയ്ക്കൽ വിപ്ലവത്തിന്റെ കാരണഭൂതരായി മാറിയത്. വലിയകുന്നു യോഗത്തിനുനേരെ ഭീകരമായ അക്രമമാണ് നടന്നത്. സമാധാനപരമായി നടന്ന ആ യോഗത്തിനുനേരെ ലാത്തിച്ചാർജും വെടിവെയ്പ്പും നടന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു മരിച്ചു. ഈ കൊടുംക്രൂരതയ്ക്ക് ദൃക്സാക്ഷികളായിരുന്ന കുമ്മിൾ സ്വദേശികൾ “ചോരത്തിളപ്പുള്ള” തീരുമാനങ്ങളെടുത്താണ് കടയ്ക്കലിൽ മടങ്ങിയെത്തിയത്.

ജന്മി കോൺട്രാക്ടർ പോലീസ് അച്ചുതണ്ടിനെതിരെ രണ്ടുംകൽപ്പിച്ചു നീങ്ങാൻ അവർ തീരുമാനിച്ചു. ആ പോരാട്ടം പോലീസിനെ കീഴ്പ്പെടുന്നതിലേയ്ക്കും പോലീസ് സ്റ്റേഷൻ തകർക്കുന്നതിലേയ്ക്കും സർക്കാർ ഓഫീസുകൾ സ്തംഭിപ്പിക്കുന്നതിലേയ്ക്കും നയിച്ചു. തുടർന്ന് പോലീസിനെയും തിരുവിതാംകൂറിലെ മറ്റു സർക്കാർ ഉദ്യോഗസ്ഥരെയും പുറംതള്ളി ഏതാനും നാളുകൾ കടയ്ക്കൽ ഒരു സമാന്തര ഭരണം അരങ്ങേറി. കടയ്ക്കൽ സ്റ്റാലിൻ എന്നറിയപ്പെട്ട ഫ്രാങ്കോ രാഘവൻ പിള്ള പ്രധാനമന്ത്രിയായി. ചന്തിരൻ കാളിയമ്പി എന്ന ദളിതനായിരുന്നു മറ്റൊരു മന്ത്രി.

അക്കാലത്ത് അധഃസ്ഥിതവിഭാഗങ്ങൾക്കിടയിൽ പടർന്നുപിടിച്ചിരുന്ന തീവ്രമായ സ്വാതന്ത്ര്യവാഞ്ചയുടെയും നേതൃപാടവത്തിന്റെയും തിളക്കമാർന്ന അധ്യായമാണ് ചന്തിരൻ കാളിയമ്പിയുടെ ജീവചരിത്രം. ഫ്രാങ്കോ രാഘവൻ പിള്ളയെയോ ചന്തിരൻ കാളിയമ്പിയെയോ നമ്മുടെ ഔദ്യോഗികചരിത്രം വേണ്ടവിധത്തിൽ പരിഗണിച്ചിട്ടില്ല എന്ന വിമർശനവും പുസ്തകം മുന്നോട്ടു വെയ്ക്കുന്നുണ്ട്.

കടയ്ക്കൽ രാജ്യം നിലനിർത്താൻ സ്വാതന്ത്ര്യസമരസേനാനികൾ കാണിച്ച ജാഗ്രത വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. കടയ്ക്കൽ എന്ന മലയോരപ്രദേശവും അതിനു ചുറ്റുവട്ടത്തുള്ള സ്ഥലനാമങ്ങളും അടങ്ങാത്ത സ്വാതന്ത്ര്യതൃഷ്ണയുടെയും കീഴടങ്ങാൻ തയ്യാറല്ലാത്ത പോരാട്ടവീര്യത്തിന്റെയും ഗർഭഗൃഹങ്ങളായി ചരിത്രത്തിൽ തലയുയർത്തി നിൽക്കുന്നു.

തോക്കേന്തിയ സമരഭടന്മാരുടെ ക്യാമ്പു പ്രവർത്തിച്ച കാരിയം, പോലീസിനെ നേർക്കുനേരെയുള്ള സംഘട്ടനത്തിൽ പരാജയപ്പെടുത്തിയ തൃക്കണ്ണാപുരം, പാങ്ങൽകാട്, തോക്കും മറ്റായുധങ്ങളുമായി സമരഭടന്മാർ പട്ടാളത്തെ നേരിടാൻ നിലയുറപ്പിച്ച വാഴോട്, പട്ടാള വണ്ടികൾക്കെതിരെ കല്ലും പടക്കവുമെറിഞ്ഞ തട്ടത്തുമല, പട്ടാളത്തിന്റെ വഴി തടയാൻ ബാരിക്കേഡുകൾ തീർത്ത നിലമേൽ, മടത്തറ, കുമ്മിൾ തുടങ്ങി കടയ്ക്കലിന്റെ ചുറ്റുവട്ടത്തുള്ള ഓരോ പ്രദേശവും ഈ സമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ഓരോ പ്രദേശത്തും ഇന്നും ജീവിച്ചിരിക്കുന്ന പലർക്കും പഴയ സംഭവങ്ങളുടെ കേട്ടറിവുകൾ ഉണ്ടാകും.

സമരത്തിൽ പങ്കെടുത്തവർ, അക്കാലത്ത് ജീവിച്ചിരുന്നവർ, രക്തസാക്ഷികളുടെ ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങി പലരെയും നേരിൽ കണ്ടും കേട്ടുമാണ് ശ്രീ എൻ ഗോപിനാഥൻ പിള്ള ഈ പുസ്തകം രചിച്ചത്.

ദുർഭരണത്തിനെതിരെ ജനങ്ങൾ നടത്തിയ ചെറുത്തുനിൽപ്പുകളിൽ കടയ്ക്കൽ വിപ്ലവത്തിനും വിപ്ലവനേതാക്കൾക്കും മുൻനിരയിലാണ് സ്ഥാനം. സ്വാഭാവികമായും ഈ സമരബോധത്തിന്റെ പിൻഗാമികൾ കമ്മ്യൂണിസ്റ്റുകാരായി മാറി. സിപിഐഎമ്മിന്റെ കൊല്ലം ജില്ലാ സെക്രട്ടറി സഖാവ് സുദേവന്റെ മുത്തച്ഛന്റെ അനുജൻ ഈ സമരത്തിന്റെ രക്തസാക്ഷിയാണ്. കൊല്ലം ജില്ലയിലെ കമ്മ്യൂണിസ്റ്റു പാർടിയുടെ ശക്തിദുർഗമാണ് ഇന്ന് കടയ്ക്കൽ. തൊഴിലാളികളുടെ നിർഭയത്വത്തിന്റെ നിത്യസ്മാരകമായി കടയ്ക്കൽ ജംഗ്ഷനിൽ ആ സ്മാരകം കാണാം. ഒന്നാം നിലയിൽ അഞ്ചു ചുവർ റിലീഫ് ശിൽപ്പങ്ങളിലായി സമരത്തിലെ ചില പ്രധാന രംഗങ്ങൾ അനാവരണം ചെയ്തിട്ടുണ്ട്. കടയ്ക്കൽ പ്രദേശത്തെ ശിൽപികളായ ആർടിസ്റ്റ് ഷാജിയും പുഷ്പനുമാണ് ഇവ തീർത്തത്. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പുനർനിർമ്മിച്ച സ്മാരകം 2015 ൽ അനാച്ഛാദനം ചെയ്തത് കെ.എൻ ബാലഗോപാലായിരുന്നു.

കടയ്ക്കലിലെ ആധുനിക ചന്ത പഞ്ചായത്ത് നിർമ്മിച്ച വിശാലമായൊരു മാർക്കറ്റിംഗ് കോംപ്ലക്സാണ്. പഴയ ചന്തയുടെ സ്ഥലത്താണ് പഞ്ചായത്ത് ഓഫീസ്. ബാക്കിയുള്ള സ്ഥലം കാർ പാർക്കിംഗ് പാർക്കും.

തലമുറകളിലേയ്ക്കു സമരാവേശം ചൊരിയുന്ന ഓർമ്മകളുടെ മഹാസഞ്ചയമാണ് കടയ്ക്കൽ. അടിച്ചമർത്തലും പീഡനങ്ങളും അതിജീവിച്ച് ചരിത്രത്തിൽ സ്വന്തം പേരുകോറിയ ഒരു ജനതയുടെ വീരേതിഹാസമാണ് ഈ സ്ഥലനാമം.

വിപ്ലവ സ്മാരകത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനായി സംസ്ഥാന സർക്കാരിന്റെ സഹകരണത്താൽ പഞ്ചായത്ത്‌ പണി പൂർത്തീകരിച്ച ടേക് എ ബ്രേക്ക്‌ പദ്ധതി ഉടൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.നിലവിലുള്ള മാർക്കറ്റിൽ സംസ്ഥാന സർക്കാരിന്റെ കിഫ്‌ബിയിൽ ഉൾപ്പെടുത്തി ആധുനിക വ്യാപാര സാമുച്ചയം ഉടൻ നിർമ്മാണം ആരംഭിയ്ക്കും.മുൻ ഭരണ സമിതി ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ എല്ലാം തന്നെ നടത്തിയിരുന്നു.

കടയ്ക്കൽ ടൗണിൽ നിന്നും ഏകദേശം അരക്കിലോമീറ്റർ മാറി ഉയരമുള്ള. തെക്കൻ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റപ്പാറയാണിത്.ഈ പാറയുടെ മുകളിൽ കയറുക എന്നത് അല്പം സാഹസികമായ കാര്യം തന്നെയാണ്.കയറിപ്പറ്റിയാൽ ഒരു പ്രത്യേക അനുഭൂതി തന്നെയാണ് ഇവിടം സമ്മാനിക്കുന്നത് സാഹസികത ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ഇടം കൂടിയാണിത്.ഇവിടം ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്ത് നടത്തിവരുന്നത്.

രണ്ട് ഘട്ടങ്ങളായാണ് പാറയുടെ കിടപ്പ് ആദ്യത്തെ ഭാഗം വരെ എല്ലാവർക്കും കയറാം ആദ്യഭാഗം കയറി മുകളിൽ എത്തുമ്പോൾ പാറയിൽ തീർത്ത മനോഹരമായ കുളം കാണാം.കുളത്തിലിറങ്ങിയാൽ കൽപ്പടവ് കൊത്തി വച്ചിട്ടുണ്ട് പൂർവ്വികരുടെ കരവിരുത് ഈ കുളത്തിലും കൽപ്പടവുകളിലും നമുക്ക് കാണാം.

അവിടത്തെ കാഴ്ചകൾ കണ്ടുകഴിഞ്ഞാൽ പിന്നെ മുകളിലേക്കുള്ള കയറ്റമാണ് വളരെ ദുഷ്കരമാണ് കയറ്റം.ചെങ്കുത്തായി കിടക്കുന്ന പാറയിൽ കൂടി അതിസാഹസമായി തന്നെ കയറണം. മുകളിൽ എത്തിക്കഴിഞ്ഞാൽ അവിടെ നിന്നും മനസ്സിന് കുളിരേകുന്ന കാഴ്ചകളാണ് കാണാൻ കഴിയുക

.മുകളിൽ നിന്നും കടക്കൽ ടൗണിന്റെ ദൃശ്യം മനോഹരമാണ്,കൂടാതെ തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളായ ജഡായുപ്പാറ, കുടുക്കത്തുപാറ, വർക്കല ബീച്ച് എന്നിവ മുകളിൽ നിന്ന് കാണാൻ കഴിയും.

അങ്ങ് ദൂരെ പൊന്മുടി മലയുടെ ദൃശ്യവും ഏറെ മനോഹരമാണ്.ഈ മനോഹരമായ പാറയുടെ കാഴ്ചകൾ മാത്രമല്ല ഇവിടെ കാണാൻ കഴിയുക ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും പുൽമേടുകളും മനസ്സിന് നിറവേകുന്ന കാഴ്ചകളാണ് പാറയിൽ നിന്നും താഴെ ഇറങ്ങിയാൽ മനോഹരങ്ങളായ കാഴ്ചകൾ പിന്നെയും ഉണ്ട്

.ചെറുതും വലുതുമായ ഒമ്പത് പ്രകൃതിദത്ത ഗുഹകളാണ് ഇവിടെ കാണാൻ കഴിയുക ഓരോ ഗുഹക്കകത്തും കയറുമ്പോൾ പെട്ടെന്ന് ശിവീകരിച്ച മുറിക്കുള്ളിലുള്ളത് പോലെയുള്ള അനുഭവമാണ് ഓരോ ഗുഹകളും.

വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്നു.വ്യത്യസ്ത ഇനത്തിൽപ്പെട്ട വാനരന്മാരെ നമുക്കിവിടെ കാണാൻ കഴിയും സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രധാന സാഹസിക വിനോദസഞ്ചാര മേഖലയായി മാറാൻ കഴിയുന്ന എല്ലാ ഭൗതിക സാഹചര്യങ്ങളും ഇവിടെയുണ്ട് മാത്രവുമല്ല തൊട്ടടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ജഡായുപ്പാറ ഒടുക്കത്ത് പാറ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് ഒരു ടൂറിസം പാക്കേജ് നടപ്പിലാക്കാൻ കഴിയും.മാറ്റിടാംപാറ അഡ്വഞ്ചർ പാർക്ക് വരും നാളുകളിൽ കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറും.

അതുപോലെ ചടയമംഗലം മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ ജടായുപ്പാറ അഥവാ ജടായു എര്‍ത്ത് സെന്റര്‍. ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പം ഇവിടെ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1200 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

അലയമൺ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലെ കുടുക്കത്തുപാറ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആണ്. സമുദ്രനിരപ്പിൽനിന്ന് 840-മീറ്റർ ഉയരത്തിൽ മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെയാണ് കുടുക്കത്തുപാറ.

കടയ്ക്കലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം. കേരളസർക്കാരിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രം മണ്ഡലത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.

അത് പോലെ തന്നെ കുമ്മിള്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മീൻമുട്ടി വെള്ളച്ചാട്ടം, വെളിനല്ലൂരിലെ ഇരപ്പില്‍ വെള്ളച്ചാട്ടം, വട്ടത്തില്‍ വെള്ളച്ചാട്ടം തുടങ്ങിയ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളും

പൗരാണികമായ വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രവും ചരിത്രവും ഐതീഹ്യവും സാഹസികതയും ഒക്കെ കോര്‍ത്തിണക്കിക്കൊണ്ട് ഒരു ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താന്‍ സാധിച്ചാല്‍ അതൊരു വന്‍ കുതിച്ചുചാട്ടം ആയിരിക്കും നമ്മുടെ മണ്ഡലത്തിനും നമ്മുടെ കേരളാ ടൂറിസത്തിനും.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!