കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും മുഖത്തല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന ബന്ദി പൂവ് കൃഷിയുടെ നടീല്‍ ഉദ്ഘാടനം കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ നിര്‍വ്വഹിച്ചു. അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളിലെ പൂക്കളുടെ ആവശ്യകത മുന്‍കൂട്ടി കണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.സി.ഡി.സി യുടെ ഉടമസ്ഥതയിലുള്ള കൊട്ടിയത്തെ ഭൂമിയിലാണ് കൃഷി ആരംഭിക്കുന്നത്.
ഇരവിപുരം കൃഷി ശ്രീയില്‍ നിന്നും ലഭ്യമായ പതിനയ്യായിരം മികച്ച ബന്ദി തൈകളാണ് നട്ടിട്ടുള്ളത്. ഒരു ഏക്കറിലാണ് കൊട്ടിയത്ത് കൃഷി ചെയ്യുന്നത്. 45 ടണ്‍ ബന്ദിപ്പൂക്കള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൂക്കളുടെ വില്‍പനയിലൂടെ നാല് ലക്ഷം രൂപയുടെ വരുമാനം കണ്ടെത്താന്‍ കഴിയും.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സുശീല ടീച്ചര്‍, എം സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീര്‍, ബി ഡി ഓ ജോര്‍ജ് അലോഷ്യസ്, എ ഡി എ ഷീബ റ്റി , മയ്യനാട് കൃഷി ഓഫീസര്‍ അഞ്ചു വിജയന്‍, ജോയിന്റ് ബി ഡി ഓ രതികുമാരി കാഷ്യൂ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി ബാബു എന്നിവരും പങ്കെടുത്തു .
മുഖത്തല ബ്ലോക്ക് പഞ്ചായത്തും കെ എസ് സി ഡി സി യും ചേര്‍ന്ന് 2022- 23 വര്‍ഷം പോഷക സമൃദ്ധി എന്ന പേരില്‍ ഒരു നൂതന ബഹുവര്‍ഷ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട് . കൊട്ടിയത്തെ കെ എസ് സി ഡി സി യുടെ ഉടമസ്ഥതയിലുള്ള ആറ് ഏക്കറോളം സ്ഥലത്താണ് പദ്ധതി നടപ്പിലാക്കി വരുന്നത്. വിവിധതരം ഫലവൃക്ഷങ്ങളായ തെങ്ങ്, കമുക്, കശുമാവ്, റമ്പുട്ടാന്‍ , പ്ലാവ്, മാവ് എന്നിവയുടെ മുന്തിയ ഇനം തൈകള്‍ നട്ടുപിടിപ്പിച്ചു പരിപാലിച്ച് വരുന്നുണ്ട് .
ഒരു മുരിങ്ങ തോട്ടവും സജ്ജമാക്കുന്നുണ്ട്. ഓണത്തിന് ശേഷം കുറ്റിമുല്ല, കുറ്റികുരുമുളക് എന്നീ തോട്ടങ്ങളും ആരംഭിക്കുമെന്നും കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദയും പറഞ്ഞു