അഭിരുചികൾക്കനുസരിച്ചാണ് ഉന്നത പഠന കോഴ്സുകൾ തെരഞ്ഞെടുക്കേണ്ടതെന്ന് എം എൽ എ .ഡോ. സുജിത്ത് വിജയൻ പിള്ള.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളെ ആദരിക്കുന്ന മത്സ്യഫെഡിന്റെ “മികവ്” 2023-24 പദ്ധതി നീണ്ടകര സെൻ്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനത്തോടൊപ്പം നൈപുണിയും വികസിപ്പിക്കണം എങ്കിൽ മാത്രമേ ഏത് തൊഴിലും ജീവിതമാർഗമായി സ്വീകരിക്കാൻ സാധിക്കൂ. ജോലി സാധ്യതകൾ ഏറ്റവും കൂടുതലുള്ള നാടും തൊഴിലാളികളെ കിട്ടാൻ ഏറെ പ്രയാസമുള്ളനാടും നമ്മുടേതാണ്. ആരോഗ്യ മേഖല ലക്ഷ്യം വച്ച് പഠനാനന്തരം ജോലിക്കായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർ വയോജന പരിപാലനസെൻ്ററുകളെങ്കിലും സന്ദർശിച്ചിരിക്കണം. മത്സ്യ തൊഴിലാളികൾക്കും കുടുംബത്തിനും കിട്ടേണ്ടുന്ന പരമാവധി ആനുകൂല്യങ്ങൾ വാങ്ങി നൽകുന്നതിൽ മത്സ്യഫെഡ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.മത്സ്യ സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കളായ 178 വിദ്യാർത്ഥികളെ ആദരിച്ചു.

ചടങ്ങിൽ മത്സ്യത്തൊഴിലാളി അപകട ഇൻഷ്വറൻസ് പദ്ധതിയുടെ ധന സഹായവും വിതരണവും ചെയ്തു. മത്സ്യഫെഡ് ചെയർമാൻ റ്റി മനോഹരൻ, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആർ രജിത്ത്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാർ, മത്സ്യഫെഡ് ജില്ലാ മാനേജർ ലാൽ പ്രീത എൽ,മത്സ്യഫെഡ് ഭരണസമിതി അംഗങ്ങൾ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.