ടൂറിസം വികസനത്തിനുള്ള അനന്ത സാദ്ധ്യതകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൊല്ലം റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിവശ സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന പഴമൊഴി യാഥാര്‍ഥ്യമാക്കാന്‍ വേണ്ട നവീന വികസന പദ്ദതികള്‍ജില്ലയില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജില്ലയ്ക്കുള്ള 2025 പുതുവര്‍ഷ സമ്മാനമാണ് ഈ നിര്‍മാണപ്രവര്‍ത്തനത്തിന്റെ പൂര്‍ത്തീകരണം. സൗന്ദര്യവത്കരണത്തിനും ജനങ്ങളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി സാധ്യമാകുന്നിടങ്ങളില്‍ എല്ലാം പാര്‍ക്കുകളും, കളിസ്ഥലങ്ങളും നിര്‍മ്മിക്കുന്ന ആശയവുമായി മുന്നോട്ട് പോകുകയാണ്. സംസ്ഥാനത്തൊട്ടാകെയുള്ള പാലങ്ങളുടെ അടിവശത്തു ഉപയോഗമില്ലാത്ത കിടക്കുന്ന ഭൂമിയില്‍ നിര്‍മാണങ്ങള്‍ നടത്തി കളിസ്ഥലങ്ങള്‍, ജിം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പാര്‍ക്കുകള്‍, ചെറുകിടകച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഒരുക്കി എടുക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

സംസ്ഥാനത്ത് ആകെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രൊജക്റ്റ് ആണ് ‘കൊല്ലം റെയില്‍വെ ഓവര്‍ബ്രിഡ്ജ് ബ്യൂട്ടിഫിക്കേഷന്‍’. ചരിത്രത്തില്‍ ആദ്യമായി പൊതുമരാമത്ത് ടൂറിസം വകുപ്പുകള്‍ക്ക് ഡിസൈന്‍ പോളിസി രൂപീകരിച്ച സംസ്ഥാനമാണ് കേരളം എന്നത് അഭിമാനകരമായ കാര്യമാണ്. ഹാപ്പിനെസ്സ് സൂചികയില്‍ ഒന്നാം സ്ഥാനം ആണ് കേരളം ലക്ഷ്യം വയ്ക്കുന്നത്. 2018 പ്രളയത്തില്‍ സര്‍വ്വതും നശിച്ച നാടെന്ന നിലയില്‍ നിന്ന് ഇന്ന് ലോകത്തു കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ച കേരളത്തിന് ഇതും കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുന്ന നേട്ടം തന്നെയാകും.

ദീപാലംകൃത പാലം പദ്ധതി ആദ്യമായി ഫാറൂഖ് പാലത്തില്‍ നടപ്പിലാക്കി പ്രധാന വിനോദ സന്ദര്‍ശക ഇടമാക്കാന്‍ സാധിച്ചു. മറ്റു ഇടങ്ങളിലേക്കും ഈ പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ദീഘദൂര യാത്രക്കാര്‍ക്ക് സൗകര്യ പ്രദമാകുന്ന കംഫര്‍ട് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനും തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു.

എം നൗഷാദ് എംഎല്‍എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യ അതിഥിയായി. കെ ടി ഐ എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, കൊല്ലം ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്, നഗരസഭ കൗണ്‍സിലര്‍ എ കെ സവാദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജി സോമന്‍, കെ ടി ഐ എല്‍ ഡയറക്ടര്‍ ഡോ മനോജ് കുമാര്‍ കെ എന്നിവര്‍ പങ്കെടുത്തു.