
ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസായി അലക്സാണ്ടർ തോമസ് പ്രവർത്തിച്ചിട്ടുണ്ട്. എട്ട് വർഷത്തിലധികം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുമുണ്ട്.
മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്.
ബ്രിട്ടൻ, ലണ്ടൻ സർവകലാശാല, യു.കെ എന്നിവിടങ്ങളിൽ നിന്നും നിയമ പരിശീലനം നേടിയ ന്യായാധിപനാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഭരണഘടനാ, ക്രിമിനൽ, സിവിൽ, തൊഴിൽ, സർവീസ്, കമ്പനി നിയമങ്ങളിൽ അവഗാഹതയുള്ള അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ 25000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുണ്ട്.
കേരള ജുഡീഷ്യൽ അക്കാദമിയുടെ പ്രസിഡന്റായും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെഎക്സിക്യൂട്ടീവ് ചെയർമാനായും കേരള സംസ്ഥാന മീഡിയേഷൻ ആന്റ് കൺസീലിയേഷൻ സെന്ററിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ലാ ഇൻസ്റ്റിറ്യൂട്ടിന്റെ കേരള യൂണിറ്റ് എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബിയും കൊച്ചി സർവകലാശാലയിൽ നിന്നും എം.എസ്. സിയും നേടി. കോമൺ വെൽത്ത് യംഗ് ലായേഴ്സ് കോഴ്സിൽ ബ്രിട്ടീഷ് സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ച 4 ഇന്ത്യൻ അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം.


