സബ് രജിസ്ട്രാർ ഓഫീസുകളിൽ ഏതു ചെറിയ തുകയും ഇ-പോസ് സംവിധാനത്തിലൂടെ അടക്കാനും വിരലടയാളം പതിക്കാൻ ബയോമെട്രിക് സംവിധാനം നടപ്പിലാക്കാനും രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദ്ദേശം നൽകി. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന വകുപ്പ് തല അവലോകന യോഗത്തിലാണ് തീരുമാനമായത്. വകുപ്പിന്റെ ഈ വർഷത്തെ പദ്ധതികളും 100 ദിന പരിപാടികളും യോഗത്തിൽ വിലയിരുത്തി. ആഗസ്റ്റ് ഒന്നു മുതൽ രജിസ്ട്രേഷൻ നടപടികൾക്ക് സമ്പൂർണ ഇ-സ്റ്റാമ്പിംഗ്, കണ്ണൂർ ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരപകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള സൗകര്യം, നിർമ്മാണം പൂർത്തിയാക്കിയ ഉുദമ, ചിറയിൻകീഴ്, മാള, മലയിൻകീഴ്, പുളിങ്കുന്ന്, വർക്കല എന്നീ സബ് രജിസ്ട്രാർ ഓഫീസുകളുടെ ഉദ്ഘാടനം എന്നിവ 100 ദിന പരിപാടികളുടെ ഭാഗമായി നടക്കും.

        കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറാത്തവ അടിയന്തിരമായി മാറ്റാൻ മന്ത്രി കർശന നിർദ്ദേശം നൽകി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷ്, വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രമോദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, കൺസ്ട്രക്ഷൻ കോർപ്പറേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

error: Content is protected !!