ജില്ലയില്‍ വിവിധ പദ്ധതിനിര്‍വഹണങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രിയുടെ ചികിത്സാധനസഹായനിധി സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതി യോഗം. ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ ആയി സര്‍വ്വേ ഉദ്യോഗസ്ഥരെ വിന്യസിച്ചു നടപടികള്‍ പൂര്‍ത്തിയാക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പദ്ധതി വിശകലനവും ഇനി ആവിഷ്‌കരിക്കേണ്ട പദ്ദതികളും ചര്‍ച്ച ചെയ്തു.

കൊല്ലം പുനലൂര്‍ ചെങ്കോട്ട റെയില്‍ പാതയ്ക്ക് സമീപം താമസിക്കുന്നവരുമായി റയില്‍വേയുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കണമെന്ന് പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍വ്വേ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം ലഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ തിരക്കിന് അനുപാതമായി കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ മേഖലകളില്‍ വന്യമൃഗ ശല്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഉടനടി പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ആവശ്യപ്പെട്ടു. സി എം ഡി ആര്‍ എഫ് ചികിത്സ സഹായം കാലതാമസം കൂടാതെ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം, ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഐ സി യു നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു .

ഫാത്തിമ ഐലന്‍ഡ് നിവാസികള്‍ക്ക് ഗതാഗത സൗകര്യമൊരുക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കണമെന്ന് സുജിത് വിജയന്‍പിള്ള എം.എല്‍.എ ആവശ്യപ്പെട്ടു. ചവറ സര്‍ക്കാര്‍ കോളേജിന്റെ കെട്ടിട നിര്‍മാണത്തിനും, നീണ്ടകര ദളവാപുരം പാലത്തിന്റെ നിര്‍മാണത്തിനും ആവശ്യമായ സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പദ്ദതികള്‍ നടപ്പിലാക്കാന്‍ പ്രാരംഭമായി പൂര്‍ത്തിയാക്കേണ്ട സര്‍വ്വേ നടപടികള്‍ കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് ജി എസ് ജയലാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. ആവശ്യമുള്ള ഉദ്യോഗസ്ഥരെ ഇതിലേക്കായി പുനര്‍വിന്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍ഗേഹം പദ്ധതിയില്‍ നിന്നും സ്വയം ഒഴിഞ്ഞുപോയവര്‍ വീണ്ടും പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകാനായി തിരികെ എത്തിയവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എം. നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു. കൊല്ലം ഗസ്റ്റ് ഹൗസിന്റെ റെനവേഷന്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഞാണ്‍കടവ് കുടിവെള്ളപദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

കുണ്ടറ പഞ്ചായത്ത് റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കുണ്ടറ മണ്ഡലത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകളുടെ പുനര്‍നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്തണമെന്നും പി.സി.വിഷ്ണുനാഥ് എം.എല്‍.എ ആവശ്യപ്പെട്ടു. കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പുതുക്കി പണിയണമെന്നും അല്ലാത്തപക്ഷം താത്ക്കാലികമായി മറ്റൊരു സ്ഥലത്തേയ്ക്ക് ബസ് സ്റ്റാന്‍ഡ് പുനസ്ഥാപിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍.എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

പത്തനാപുരം ബൈപ്പാസ് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിയ്ക്കുവേണ്ടി വിവിധ ഘട്ടങ്ങളിലായി 16 കോടി രൂപയാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. അതില്‍ പ്രാരംഭനടപടികള്‍ക്കായി 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയില്‍ നടത്തണമെന്ന് ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ പ്രതിനിധി അറിയിച്ചു. പത്തനാപുരത്തെ ഗ്രാമീണറോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നും പ്രധാനമന്ത്രിയുടെ റോഡ് വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. കൊല്ലം ജില്ലയില്‍ പോലീസ് സേനയില്‍ സിറ്റിയിലും റൂറല്‍ മേഖലയിലും നര്‍ക്കോട്ടിക് ഡി.വൈ.എസ്.പി മാരുടെ കുറവ് ഉള്ളതിനാല്‍ ഒഴിവുകള്‍ നികത്തണമെന്നും ലഹരി വസ്തുക്കള്‍ വര്‍ദ്ധിക്കുന്നത് തടയുന്നതിനായി എക്‌സൈസ് വകുപ്പിന് അധികാരം കൂടുതല്‍ നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

ജനപ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളിലും നിര്‍ദ്ദേശങ്ങളിലും നടപടികള്‍ കൈക്കൊള്ളുമെന്ന് അധ്യക്ഷനായ ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ജലസംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

error: Content is protected !!