ഓഹരിവിപണിയിലെ നിക്ഷേപത്തിന്‌ വൻലാഭം വാഗ്‌ദാനംചെയ്‌ത്‌ ചേർത്തലയിലെ ഡോക്‌ടർദമ്പതികളിൽനിന്ന്‌ 7.65 കോടി രൂപ ഓൺലൈനിൽ തട്ടിയകേസിൽ നാലുപേർ പൊലീസ്‌ പിടിയിലായതായി സൂചന. തട്ടിപ്പിൽ കണ്ണികളെന്ന്‌ പ്രാഥമികമായി കണ്ടെത്തിയവരെയാണ്‌ ചേർത്തല പൊലീസ്‌ പിടികൂടിയത്‌. പൊലീസ്‌ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

ഇതരസംസ്ഥാന റാക്കറ്റാണ്‌ ഗുജറാത്ത് കേന്ദ്രീകരിച്ച്‌ തട്ടിപ്പ്‌ നടത്തിയതെന്ന്‌ പറയുന്നു. ധനകാര്യവിദഗ്‌ധരുടെ സഹായത്തോടെ ബാങ്കുകളിൽ പൊലീസ്‌ നടത്തിയ പരിശോധനയിൽ ഡോക്‌ടർമാരുടെ അക്കൗണ്ടിൽനിന്ന്‌ പണം എത്തിയതായി കണ്ടെത്തിയ വിവിധ സംസ്ഥാനങ്ങളിലെ അക്കൗണ്ടുകൾ മരവിപ്പിച്ചു. മുഖ്യപ്രതികളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചെന്ന്‌ പൊലീസ് പറയുന്നു.

ബാങ്കുകളിലും ഇടപാടുകളിലും വിശദ പരിശോധന തുടരുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായ ഡോ. വിനയകുമാറിന്റെ മൊഴിപ്രകാരമാണ് 10 ദിവസംമുമ്പ്‌ പൊലീസ്‌ കേസെടുത്തത്‌.