എയർ കേരള വിമാന സർവീസിന്‌ പ്രവർത്തനാനുമതിയായി. സർവീസിന്‌ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതോടെ പ്രവാസി മലയാളികൾക്ക്‌ മിതമായ നിരക്കിൽ നാട്ടിലെത്താമെന്ന ആഗ്രഹം യാഥാർത്ഥ്യമാവുകയാണ്‌. മൂന്ന്‌ വർഷത്തേക്കുള്ള പ്രവർത്തനാനുമതിയാണ്‌ കമ്പിനിക്ക്‌ ഇപ്പോൾ ലഭിച്ചിരിക്കുന്നത്‌. സെറ്റ്‌ഫ്ലൈ ഏവിയേഷനിലാണ്‌ എയർ കേരള രജിസ്റ്റർ ചെയ്തിരിക്കുന്നത്‌. 

കേരളത്തിലേക്കുള്ള ആദ്യത്തെ പ്രാദേശിക വിമാന സർവീസായ എയർ കേരളയ്‌ക്ക്‌ പിന്നിലെ പ്രധാനികൾ യുഎഇയിലെ സംരഭകരായ അഫി അഹമ്മദ്‌, അയ്യൂബ്‌ കല്ലട എന്നിവരാണ്‌. വർഷങ്ങളായിട്ടുള്ള കഠിനാധ്വാനത്തിന്റെ ഫലം എന്നായിരുന്നു സർവീസിന്‌ പ്രവർത്താനനുമതി കിട്ടിയപ്പോൾ കമ്പിനിയുടെ ചെയർമാൻ കൂടിയായ അഫി അഹമ്മദ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ‘എയർ കേരള യാഥാർത്ഥ്യമാവുന്നതിന്‌ വേണ്ടി ഞാനും എന്റെ പങ്കാളികളും വിശ്രമമില്ലാതെ അധ്വാനിച്ചു. ഇതിനിടെ പലരും ഈ സംരഭത്തെ തള്ളിക്കളയുകയും ഒരിക്കലും നടക്കാൻ പോകില്ല എന്ന്‌ പറഞ്ഞ്‌ പരിഹസിക്കുകയും ചെയ്തു. ഒരുപാട്‌ ദൂരം ഇനിയും പോകാനുണ്ട്‌ എങ്കിലും എൻഒസി ലഭിച്ചത്‌ വലിയൊരു ചവിട്ടുപടിയാണ്‌.’–- അഫി അഹമ്മദ്‌ പറഞ്ഞു.

ഒരുപാട്‌ കാലമായി എയർ കേരള പദ്ധതിയെ കുറിച്ച്‌ ആലോചിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷത്തോടെയാണ്‌ സർവീസിനായുള്ള പ്രവർത്തനങ്ങൾ സജീവമായത്‌. ഒരു ദശലക്ഷം ദിർഹം (ഏകദേശം 2 .2 കോടി രൂപ ) ചിലവഴിച്ച്‌ അഫി അഹമ്മദ്‌  https://airkerala.com/ എന്ന വെബ്‌സൈറ്റ്‌ സ്വന്തമാക്കിയതായിരുന്നു പദ്ധതിയുടെ പുനരുജ്ജീവനത്തിന്റെ പ്രധാന കാരണം. 

‘വിമാനങ്ങൾ വാങ്ങിക്കുക, എയർ ഓപ്പറേറ്റേഴ്‌സ്‌ സർട്ടിഫിക്കറ്റ്‌ ലഭ്യമാക്കുക എന്നീ കടമ്പകളാണ്‌ ഇനി കമ്പിനിക്ക്‌ കടക്കാനുള്ളത്‌. വ്യോമയാന മന്ത്രാലയം ആവശ്യപ്പെടുന്ന മുഴുവൻ നിബന്ധനകളും ഉറപ്പാക്കേണ്ടതുമുണ്ട്‌’- എയർ കേരള വൈസ്‌ ചെയർമാൻ അയ്യുബ്‌ കല്ലട പറഞ്ഞു.  

 3 എടിആർ 72-600 വിമാനങ്ങളെ ഉപയോഗിച്ച്‌ തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തുകയും ചെയ്യും.  ഇത്രയും വിമാനങ്ങൾ സ്വന്തമാക്കിയതിന്‌ ശേഷം രാജ്യാന്തര സർവീസുകൾ ആരംഭിക്കുയും ചെയ്യും. 

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ കേരളയുടെ വരവ്‌ 350 ലധികം ആളുകൾക്ക്‌ തൊഴിൽ നൽകും. കേരളത്തിന്റെ വ്യാപാരം, ടൂറിസം മേഖലകൾക്ക്‌ പ്രോത്സാഹനമാകനും എയർ കേരളയ്‌ക്ക്‌ സാധിക്കുമെന്ന്‌ അധികൃതർ കരുതുന്നു.

error: Content is protected !!