പ്രണയത്തിന്റെ ദേവദൂതൻ വർഷങ്ങൾക്കുശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ ദേവദൂതൻ 4K പതിപ്പ് റിലീസിനൊരുങ്ങുന്നു. 24 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ റീ മാസ്റ്റേർഡ്–റീ എഡിറ്റഡ് 4K പതിപ്പാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സിബി മലയിലും മോ​ഹൻലാലും പുറത്തിറക്കി. ചിത്രത്തിലെ ശ്രദ്ധേയമായ ‘എന്തരോ മഹാനുഭാവലു’ എന്ന ​ഗാനരം​ഗത്തുള്ള മോ​ഹൻലാലിന്റെ പോസ്റ്ററാണ് പുറത്തിറക്കിയത്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

സിബി മലയിൽ–മോഹൻലാൽ കൂട്ടുകെട്ടിൽ 2000ത്തിൽ പുറത്തിറങ്ങിയ ദേവദൂതൻ ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ്. രഘുനാഥ് പലേരിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഭയവും നി​ഗൂഢതയും പ്രണയവും സം​ഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. മോഹൻലാലിനു പുറമെ വിനീത്, ജയപ്രദ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ജ​ഗതി ശ്രീകുമാർ, ജനാർദനൻ, മുരളി, ശരത്, ജ​ഗദീഷ്, വിജയലക്ഷ്മി, ലെന, രാധിക തുടങ്ങിയവരും അഭിനയിച്ചു.

സം​ഗീതജ്ഞനായ നിഖിൽ മഹേശ്വറും വർഷങ്ങളായി തന്റെ പ്രണയത്തിനുവേണ്ടി കാത്തിരിക്കുന്ന അലീനയും വിശാൽ കൃഷ്ണമൂർത്തിയും സപ്തസ്വര മണികളുമെല്ലാം കാലങ്ങൾ കഴിഞ്ഞിട്ടും സിനിമ ആസ്വാദകരുടെ മനസിൽ തങ്ങിനിൽക്കുന്നവയാണ്. വിദ്യാസാ​ഗറിന്റെ സം​ഗീതമായിരുന്നു ചിത്രത്തിന്റെ മറ്റൊരാകർഷണം. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമിച്ചത്. കൂടുതൽ ദൃശ്യ- ശ്രാവ്യ മികവോടെ ദേവദൂതൻ തിയറ്ററുകളിലെത്തുന്നതിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!