
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. കൊളൊംബോയിൽ നിന്ന് മറീൻ അസർ എന്ന ഫീഡർ കപ്പലാണ് വിഴിഞ്ഞത്തേക് എത്തുന്നത്. കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്. വിഴിഞ്ഞത്ത് ആദ്യമെത്തിയ മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോ മടങ്ങിയതിന് ശേഷമായിരിക്കും ബർത്തിംഗ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സാൻ ഫെർണാണ്ടോ കപ്പൽ തുറമുഖം വിടും.
വ്യാഴാഴ്ച വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ച സാൻ ഫെർണാണ്ടോയിൽ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം. ട്രയൽ റണ്ണായതിനാൽ വളരെ സാവകാശമായിരുന്നു കണ്ടെയ്നറുകൾ ഇറക്കിയതും കയറ്റിയതും. രണ്ടുമാസം ട്രയൽ റൺ തുടരുമെന്നും സെപ്തംബറോടെ തുറമുഖം കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നുമാണ് സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും പ്രതികരണം.വിഴിഞ്ഞം തുറമുഖം ലോകത്തെ ചരക്ക് നീക്കങ്ങളുടെ ഭൂപടത്തിൽ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടു.
ഇന്ത്യയിലേക്ക് കപ്പൽ വഴിയുള്ള ചരക്ക് ഗതാഗതമേറയും സിംഗപ്പൂരും കൊളംബോയും വഴിയാണ്. കൂറ്റൻ ചരക്കുകൾ അവിടെ നിന്ന് ഫീഡർ കപ്പലിലൂടെ രാജ്യത്തേക്കെത്തിക്കുന്നത് വഴിയുള്ള സമയനഷ്ടവും ധനനഷ്ടവും ഇനിയുണ്ടാകില്ല. വിഴിഞ്ഞത്ത് മദർഷിപ്പുകൾ നേരിട്ടെത്തും. വിഴിഞ്ഞം വഴി ചരക്കുകൾ മറ്റിടങ്ങളിലേക്ക് പോകും. അന്താരാഷ്ട്രാ കപ്പൽ ചാലിന് അടുത്ത ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖാമായ വിഴിഞ്ഞം തുറമുഖ സർക്യൂട്ടിലെ നിർണ്ണായക കേന്ദ്രമാകും.

