ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കര്‍മ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്.

ഒക്ടോബര്‍ 22 വരെ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ നൂറു ദിന കര്‍മ്മ പരിപാടിയില്‍ 100 ദിവസംകൊണ്ട് 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുവാനാണു ഉദ്ദേശിക്കുന്നത്. ആകെ 1,070 പദ്ധതികള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13,013.40 കോടി രൂപ അടങ്കലും 2,59,384 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു. 706 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുവാനും 364 പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം/ പ്രഖ്യാപനം 100 ദിന കാലയളവില്‍ നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

761.93 കോടി ചെലവില്‍ നിര്‍മ്മിച്ച 63 റോഡുകള്‍, 28.28 കോടിയുടെ 11കെട്ടിടങ്ങള്‍, 90.91 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച 9 പാലങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരണം കഴിഞ്ഞ പദ്ധതികള്‍ പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടും. 437.21 രൂപ വകയിരുത്തിയ 24 റോഡുകള്‍, 81.74 കോടി വരുന്ന 17 കെട്ടിടങ്ങള്‍, 77.94 കോടി രൂപ ചെലവ് വരുന്ന 9 പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനവും ഈ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 30000 പട്ടയങ്ങള്‍ കൂടി 100 ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യും. 37 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പൂര്‍ത്തീകരണവും 29 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും ഈ ഘട്ടത്തില്‍ നടക്കും. പുതുതായി 456 റേഷന്‍ കടകള്‍ കൂടി കെ-സ്റ്റോറുകളായി നവീകരിച്ചുകൊണ്ട് സംസ്ഥാനത്തു 1000 കെ – സ്റ്റോറുകള്‍ എന്ന നാഴികക്കല്ല് പൂര്‍ത്തീകരിക്കും. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ മുതലായ വിലകൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി വഴി രോഗികള്‍ക്ക് നല്‍കുന്ന പദ്ധതി ആരംഭിക്കും.

ലൈഫ് മിഷനിലൂടെ പുതിയ 10000 വ്യക്തിഗത ഭവനങ്ങള്‍ കൂടി കൈമാറും. അക്ഷരനഗരിയായ കോട്ടയത്തെ അക്ഷര ട്യൂറിസം ഹബ്ബായിമാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന സോളാര്‍ സിറ്റി പദ്ധതി, പൂജപ്പുരയില്‍ വനിതകള്‍ക്ക് മാത്രമായി പുതിയ പോളിടെക്നിക് കോളേജ്, കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് – ധര്‍മ്മടം ബീച്ചിന്റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഡിജിറ്റല്‍ രൂപത്തില്‍ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ 250 എം.പി.ഐ ഫ്രാഞ്ചൈസി ഔട്ലെറ്റുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. പ്രവര്‍ത്തനങ്ങളുടെ വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങളും പുരോഗതിയും 100 ദിന പരിപാടിക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ വെബ്സൈറ്റില്‍ (https://100days.kerala.gov.in) തത്സമയം അറിയിക്കും.