നിരന്തരം പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് അപ്ഡേറ്റായിക്കൊണ്ടിരിക്കുന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. വാട്സാപ്പ് അവതരിപ്പിക്കുന്ന മിക്ക ഫീച്ചറുകളും ഏറെ ജനപ്രിയമാകാറുമുണ്ട്. ഇത്തരത്തിൽ വീണ്ടും ഒരു പുത്തൻ അപ്ഡേറ്റിന് വാട്സാപ്പ് ഒരുങ്ങുന്നതായാണ് വിവരം. വീഡിയോ കോളിൽ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ് എന്നാണ് വാട്‌സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടുള്ള 2.24.13. ബീറ്റ വേർഷനിലാണ് പുതിയ അപ്ഡേറ്റുകൾ വരിക. ഇതോടെ വാട്സ്ആപ്പ് വിഡിയോ കോളുകൾ കസ്റ്റമൈസ് ചെയ്യാനാകും. വീഡിയോ കോളുകൾ വിളിക്കുമ്പോൾ ഇഫക്ടുകളും ഫേഷ്യൽ ഫിൽട്ടറുകളും ഉപയോഗിക്കാം. വെളിച്ചക്കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്‌സാപ്പിലെത്തുമെന്ന് വാബീറ്റാ ഇൻഫോ പറയുന്നു. ഇതിന് പുറമെ കോളുകൾക്കിടയിൽ പശ്ചാത്തലം മാറ്റാനും ബ്ലർ ചെയ്യാനും ഇതുവഴി സാധിക്കും. ഇതിൽ പല സൗകര്യങ്ങളും വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പുകളിലും ലഭിക്കും. എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പൂർണമായി പുറത്തുവന്നിട്ടില്ല. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ വിഡിയോ കോളുകൾ കൂടുതൽ ആകർഷകമാകുമെന്നാണ് കരുതുന്നത്. 

error: Content is protected !!