തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനസജ്ജമാക്കാനുള്ള നീക്കവുമായി അധികൃതർ. ജൂലൈ രണ്ടാം വാരം മുതൽ സെപ്റ്റംബർ വരെ ട്രയൽ റൺ നടത്താനാണ് അധികൃതരുടെ തീരുമാനം. ട്രയൽ റണ്ണിന്റെ ഭാ​ഗമായി അദാനി തുറമുഖ കമ്പനിയുടെ മുന്ദ്ര തുറമുഖത്തുനിന്ന് കണ്ടെയ്നർ നിറച്ച മദർഷിപ്പുകൾ വിഴിഞ്ഞത്തേക്കെത്തും. ട്രയൽ റൺ ആരംഭിക്കുന്നതനായുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്. വിജയകരമായി ട്രയൽ റൺ പൂർത്തിയായ ശേഷം മാത്രമേ തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഔദ്യോ​ഗികമായി നടത്തൂ.

ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ഇത്തരത്തിൽ ചരക്കുകപ്പലുകൾ തുറമുഖത്തേക്ക്‌ എത്തിക്കും. മുന്ദ്ര തുറമുഖത്തുനിന്ന് മദർ ഷിപ്പിലെത്തുന്ന ചരക്ക് ഇവിടെ ഇറക്കിവെച്ചശേഷം ചെറിയ കപ്പലുകളെത്തിച്ച് തിരികേ ചരക്കുകയറ്റി ട്രാൻസ്ഷിപ്‌മെന്റും ആരംഭിക്കും

ചരക്കുകപ്പൽ എത്തുന്നതുമായി ബന്ധപ്പെട്ട് കസ്റ്റോഡിയൻ കോഡ് അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. സാങ്കേതികമായി ലഭിക്കേണ്ട മറ്റ് അനുമതികളും ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസുകളും പ്രവർത്തിച്ചുതുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായിവരുകയാണ്. നേരത്തേ തുറമുഖത്തെ കസ്റ്റംസ് പോർട്ടായി കേന്ദ്ര കസ്റ്റംസ് മന്ത്രാലയം അംഗീകരിച്ചിരുന്നു. കപ്പൽ എത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് സർക്കാർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് (വിസിൽ) അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ട്രയൽ റണ്ണിന്റെ തീയതി നിശ്ചയിക്കുക

മുഖ്യമന്ത്രിയുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ കപ്പലിനു തുറമുഖത്തേക്ക്‌ സ്വീകരണമൊരുക്കും. തുറമുഖ യാർഡിലേക്ക്‌ കണ്ടെയ്‌നർ ഇറക്കിവെച്ചായിരിക്കും ട്രയൽ നടത്തുക. ഇതിനുമുന്നോടിയായി നിലവിൽ വലിയ ബാർജുകളിൽ ചരക്കു കയറ്റാത്ത കണ്ടെയ്‌നറുകൾ തുറമുഖത്ത് എത്തിച്ച് പരീക്ഷണം നടത്തുന്നുണ്ട്.

ഡിസംബറിൽ തുറമുഖം കമ്മിഷനിങ് ചെയ്യാനാകുമെന്നാണ് നേരത്തേ അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നത്. എന്നാൽ ഓണത്തിന് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനസജ്ജമാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി വാണിജ്യ ഇടപാടുകളെക്കുറിച്ച് അദാനി തുറമുഖ അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!