
ലഖ്‌നൗ > ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹ വേദിയിൽ കൂട്ടത്തല്ലും കസേരയേറും. വിളമ്പിയ ചിക്കൻ ബിരിയാണിയിൽ കോഴിക്കാൽ ഇല്ലെന്നതായിരുന്നു കാരണം. വധുവിന്റെയും വരന്റെയും ബന്ധുക്കൾ പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. നവാബ്ഗഞ്ജിലെ സര്‍താജ് വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
കോഴിക്കാലിൻ്റെ കാര്യം പറഞ്ഞ് വരന്റെ ബന്ധുക്കളിൽ ഒരാളാണ് ആദ്യം ബഹളമുണ്ടാക്കിയത്. ഇത് വധുവിന്റെ ബന്ധുക്കളെ ചൊടിപ്പിച്ചതോടെ കല്ല്യാണ വീട് സംഘർഷ വേദിയായി. പിന്നെ അര മണിക്കൂറോളം ഇരു കൂട്ടരും പരസ്‌പരം ആക്രോശിക്കുകയും ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു.
ഒടുവിൽ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചെങ്കിലും വധുവിന്റെ ബന്ധുക്കളെത്തി അനുനയിപ്പിച്ചതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹം നിശ്ചയിച്ച പ്രകാരം നടന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


