അഹമ്മദാബാദ്: സോഷ്യൽ മീഡിയയിൽ വൈറലാവാനായുള്ള ശ്രമത്തിനിടെ എട്ടിന്റെ പണി വാങ്ങി ഗുജറാത്തിലെ രണ്ട് യുവാക്കൾ. ഇൻസ്റ്റഗ്രാം റീൽസ് എടുക്കാനായി ഥാർ എസ് യുവിയുമായി കടലിലിറങ്ങിയ യുവാക്കൾക്കാണ് പണി കിട്ടിയത്. ഗുജറാത്ത് കച്ചിലെ മുദ്ര ബീച്ചിലാണ് സംഭവം.
റീൽ വീഡിയോ ഉണ്ടാക്കുന്നതിനായി മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്യുവിയായ ഥാർ കടലിലൂടെ ഓടിച്ചവരാണ് വെള്ളത്തിൽ കുടുങ്ങിയത്. രണ്ട് യുവാക്കളാണ് വാഹനവുമായി ഇറങ്ങിയത്. വെള്ളത്തിലേക്ക് വാഹനമോടിച്ചതിന് പിന്നാലെ ടയറുകൾ മണലിൽ താഴ്ന്നു പോകുകയായിരുന്നു. രണ്ട് വാഹനങ്ങളുമായാണ് യുവാക്കൾ എത്തിയത്. തുടർച്ചയായി തിരയും കൂടി അടിച്ചതോടെ വാഹനം മണലിൽ കൂടുതൽ ആഴ്ന്നു. പുറത്തെടുക്കാൻ ശ്രമിക്കുംതോറും വാഹനം കൂടുതൽ മണലിൽ താഴ്ന്നുപോയി. ഒടുവിൽ നാട്ടുകാരെത്തി വാഹനം കെട്ടിവലിച്ച് പുറത്തെത്തിക്കുകയായിരുന്നു.
എന്നാൽ അഭ്യാസപ്രകടത്തിനെതിരെ നാട്ടുകാർ രോഷം പ്രകടിപ്പിച്ചതോടെ യുവാക്കൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട മുന്ദ്ര മറൈൻ പൊലീസ് വാഹനം പിടിച്ചെടുത്തു. കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന ഉടമകളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെള്ളം കയറിയതിനെത്തുടർന്ന് വാഹനത്തിന്റെ എഞ്ചിന് തകരാർ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.