
അടിമാലി: ആനസവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. ദേശീയപാതയിൽ കല്ലാർ കമ്പിലൈൻ അറുപതാംമൈലിൽ പ്രവർത്തിക്കുന്ന കേരള ഫാം ആന സവാരി കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്.
രണ്ടാം പാപ്പാനായ കാസർകോട് നീലേശ്വരം കുഞ്ഞിപ്പാറ, മേലേകണ്ടി ശങ്കരന്റെ മകൻ ബാലകൃഷ്ണൻ (62)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

ഫാമിൽ നിന്നും സഞ്ചാരികൾ ആനപ്പുറത്ത് കയറുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ആന ബാലകൃഷ്ണനെ ആക്രമിക്കുകയും നെഞ്ചിൽ മൂന്ന് തവണ ചവിട്ടുകയുമായിരുന്നു എന്നാണ് പൊലീസ് നിഗമനം. ബാലകൃഷ്ണൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അടുത്തിടെയാണ് ബാലകൃഷ്ണൻ ഇവിടെ ആന പാപ്പാനായി എത്തിയതെന്ന് സവാരി കേന്ദ്രം അധികൃതർ അറിയിച്ചു
