
മക്ക ∙ ഹജ് തീർഥാടകർ ഇന്ന് അറഫയിൽ സമ്മേളിക്കുന്നതിനിടെ മക്കയിൽ കഅബാലയത്തെ പുതിയ കിസ്‌വ (പുടവ) അണിയിക്കും. കിങ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്സിൽനിന്ന് പ്രത്യേക ട്രക്കിൽ ഹറമിൽ എത്തിച്ചാണ് കിസ്‌വ അണിയിക്കുക.
നാലു വശങ്ങളിലും കവാടത്തിലുമായി 5 ഭാഗങ്ങളാക്കി ഉയർത്തിയ ശേഷം തുന്നിച്ചേർക്കും.
ഹറം കാര്യ മേധാവി ഡോ. ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ കിസ്‍വ മാറ്റ ചടങ്ങിൽ പങ്കെടുക്കും.തുടർന്ന് പകുതി ഉയർത്തിക്കെട്ടുന്ന കിസ്‌വ തീർഥാടകരുടെ തിരക്ക് കുറയുന്നതോടെ പിന്നീട് താഴ്ത്തിയിടും.
പഴയ കിസ്‌വ വിവിധ കഷണങ്ങളാക്കി ഇസ്‌ലാമിക രാജ്യങ്ങൾക്കും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും അയച്ചുകൊടുക്കുകയാണ് പതിവ്.
670 കിലോ കറുത്ത പട്ടിൽ 120 കിലോ സ്വർണം, 100 കിലോ വെള്ളി നൂലുകൾ കൊണ്ട് ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്താണ് അലങ്കരിച്ചിരിക്കുന്നത്.850 കിലോ ഭാരമുള്ള കിസ്‌വയ്ക്ക് 2.5 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ഹജ്ജിന് എത്തുന്നവർ കിസ്‌വ നിർമാണ ഫാക്ടറിയും സന്ദർശിക്കാറുണ്ട്. അപൂർവം വിശിഷ്ടാതിഥികൾക്ക് കിസ്‌വയിൽ തുന്നാനും അവസരം നൽകും.


