കാസർകോട്: പെറ്റമ്മ പോസ്റ്റ്‌മോർട്ടം ടേബിളിൽ. 37 ദിവസം പ്രായമുള്ള കുഞ്ഞിന്‌ മുലയൂട്ടി നഴ്‌സ്‌. അമ്മയുടെ വേർപാടറിയാതെ മുലപ്പാലിനായി നിലവിളിച്ച പിഞ്ചുകുഞ്ഞിന് മുലയൂട്ടി അതിരുകളില്ലാത്ത അമ്മവാത്സല്യവുമായെത്തിയത്‌ കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്‌സിങ്‌ ഓഫീസർ മെറിൻ ബെന്നിയാണ്.കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന അസം സ്വദേശിനിയുടെ മൃതദേഹത്തിനരികെ നിന്ന ബന്ധുക്കളുടെ കൈയിൽനിന്ന്‌ വാവിട്ടുനിലവിളിക്കുകയായിരുന്നു കുഞ്ഞ്.

വിശപ്പടക്കാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയ ബന്ധുക്കൾക്ക് മുൻപിലേക്കാണ് മെറിൻ എത്തുന്നത്. ‘കുഞ്ഞിന്റെ കരച്ചിൽ കേട്ട് നെഞ്ച് പിടഞ്ഞു. എന്റെ കുട്ടിയുടെ മുഖമാണ് ഓർമ്മയിൽ വന്നത്. അങ്ങനെയാണ് മുലയൂട്ടാൻ തീരുമാനിച്ചത്.’ ഒരുവയസ്സുള്ള കുഞ്ഞിന്റെ അമ്മകൂടിയായ മെറിൻ പറയുന്നു.ചൊവ്വാഴ്ച രാത്രിയിലാണ് യുവതിയെ ഛർദിയെ തുടർന്ന് കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

മെറിൻ ബന്തടുക്കയിലെ ബിപിൻ തോമസിന്റെ ഭാര്യയാണ്. അസം സ്വദേശിനിയായ ഏകാദശി മാലി മേയ് അഞ്ചിനാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിൽ കുട്ടിക്ക് ജന്മം നൽകുന്നത്. കുണിയയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് ബർമന്റെ ഭാര്യയാണ്. റിയാ ബർമൻ എന്നാണ് കുട്ടിയുടെ പേര്. നിർണായക സമയത്ത് കുടുംബത്തിന് തുണയായ മെറിനെ കാസർകോട് ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ് അഭിനന്ദിച്ചു.

error: Content is protected !!