അവൾ.. നീലിമ

അവൾ നീലിമ..സമ്പന്നയായ ഒരു പെൺകുട്ടി ആയിരുന്നു. അറിയപ്പെടുന്ന കുടുംബം. രണ്ട് ഏട്ടന്മാരുടെ കുഞ്ഞനുജത്തി. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. നന്നായി പാട്ടു പാടും.

അങ്ങനെയവൾ പത്താം ക്ലാസ്സ് ഡിസ്റ്റിംൿഷനോട് കൂടി പാസ്സായി.. അവൾ കോളേജ് ജീവിതത്തിലേക്ക് കടന്നു. വീട്ടിൽ നിന്ന് കോളേജിലേക്ക് തിരിച്ചും മാത്രം യാത്ര. കൂട്ടുകാരികൾ കറങ്ങാൻ വിളിക്കുമ്പോൾ ഒഴിഞ്ഞുമാറി. പഠിപ്പിസ്റ്റ് എന്ന ലേബലിൽ കോളേജിൽ അറിയപ്പെട്ടു. പിറകേ പ്രേമിക്കാൻ നടന്ന ആൺകുട്ടികളെ നിഷ്കരുണം ആട്ടിയോടിച്ചു. അങ്ങനെ പ്രീ ഡിഗ്രിയും, ഡിഗ്രിയും പിന്നെ പി ജി യും ഉന്നത നിലയിൽ പാസ്സായി.

പിന്നീട് അവൾ ജോലിക്ക് അപേക്ഷകൾഅയച്ചു തുടങ്ങി. ഒരു ജോലി നേടി സ്വന്തം കാലിൽ നിന്നിട്ടു മതി വിവാഹം എന്നതായിരുന്നു നീലിമയുടെ സ്വപ്നം.
22 വയസ്സു കഴിഞ്ഞപ്പോൾ കുടുംബത്തിൽ നിന്നും വിവാഹത്തിനുള്ള സമ്മർദ്ദമേറി. “ഇവളെയെന്താ കെട്ടിച്ചു വിടാത്തത് “എന്ന നാട്ടുകാരുടെ ചോദ്യവും അതിനു ആക്കം കൂട്ടി.

അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നീലിമ വിവാഹത്തിന് തയ്യാറായി. വിവാഹം കഴിഞ്ഞു. ഭർത്താവ് വിദേശത്ത്. സ്നേഹസമ്പന്നൻ. ആവശ്യത്തിന് പണവും. അയാളവളെ പൊന്നുപോലെ നോക്കി, ഒരു കുറവും വരാതെ. ആ പ്രേമവല്ലരിയിൽ ഒരു കുഞ്ഞും ജനിച്ചു. ഇത്രയും സുഖസൗകര്യങ്ങൾ ഉള്ളതുകൊണ്ട്തന്നെ അവൾ പിന്നീട് ജോലിയ്ക്ക് ശ്രമിച്ചതുമില്ല.

അങ്ങനെയിരിക്കെ പെട്ടന്നൊരുനാൾ അദ്ദേഹം നാട്ടിൽ തിരിച്ചെത്തി. എന്തോ അസുഖബാധിതൻ ആയിട്ടാണ് അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയത്.. ഹോസ്പിറ്റലിൽ പോയി, പിന്നീടുള്ള വിശദമായ പരിശോധനയിൽ വലിയൊരു അസുഖം അദ്ദേഹത്തെ പിടികൂടിയെന്ന് തിരിച്ചറിഞ്ഞു. ചികിൽസിക്കാൻ കുറെയേറെ പണം വേണ്ടി വന്നു. കൈയിൽ ഉണ്ടായിരുന്ന പൈസ മുഴുവൻ ചികിത്സയ്ക്കായി ചിലവഴിച്ചു. തികയാതെ വന്നപ്പോൾ വസ്തുക്കൾ വിറ്റു. അച്ഛനും അമ്മയും മരണപ്പെട്ടു. ചേട്ടന്മാർ വിവാഹിതരായതോടെ അവരുടെ സ്നേഹവും സഹായവും കുറഞ്ഞു.

അതോടുകൂടി നീലിമയുടെ നല്ല കാലം അസ്തമിച്ചു. സാമ്പത്തിക സ്ഥിതി പരുങ്ങലിലായി.. അവൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലെത്തി. അങ്ങനെ തോറ്റു .പിന്മാറാൻ നീലിമ തയ്യാറായില്ല. ഓരോ ചുവടും മുന്നോട്ട് തന്നെ വച്ചു. ഉള്ള സ്ഥലത്ത് ആദ്യം ഓരോ കൃഷികൾ ചെയ്തു തുടങ്ങി. പിന്നീട് വസ്തു പാട്ടത്തിനെടുത്തും മറ്റും കൃഷി ചെയ്തു. കൂടാതെ വീട്ടിൽ കുറച്ചു കേക്ക് നിർമാണനവും. അങ്ങനെ ജീവിതം വീണ്ടും കരുപ്പിടിപ്പിച്ചു തുടങ്ങി.

മോൻ വളർന്നു. അവന്റെ വിദ്യാഭ്യാസവും നല്ല രീതിയിൽ കഴിഞ്ഞു. അവനു നല്ല ശമ്പളമുള്ള ജോലിയും കിട്ടി. എന്നിട്ടും നീലിമ കൃഷി നിർത്തിയില്ല. ഭർത്താവിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കി. ഇപ്പോൾ അവർ സാമ്പത്തികമായി നല്ല നിലയിൽ ജീവിക്കുന്നു. എല്ലാം കഠിന പരിശ്രമം കൊണ്ട് നേടിയെടുത്തതാണ്. അതും ഒരു സ്ത്രീയായ അവൾ. അതാണ് നീലിമ.

നമ്മൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല..അധ്വാനവും ലക്ഷ്യവുമുണ്ടെങ്കിൽ എന്തും നേടിയെടുക്കാം.

രചന : ഷാജി കടയ്ക്കൽ.