വായനയുടെ മൂല്യവിചാരംനടത്തി ഉദ്ഘാടനം
വായനദിനത്തോടനുബന്ധിച്ചു ജില്ലാ ലൈബ്രറി കൗണ്‍സിലും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന് കേരള സര്‍വകലാശാല ബി എഡ് പഠനകേന്ദ്രത്തില്‍ തുടക്കം. ജൂലൈ ഏഴുവരെ നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ നിര്‍വഹിച്ചു. ഗ്രന്ഥശാലകളെ ആധുനീകരിച്ച് വായന വിപുലീകരിക്കുന്നതിനുള്ള സാഹചര്യമാണ് കേരളത്തില്‍ സൃഷ്ടിക്കുന്നത്.
ജനസംഖ്യാനുപാതികമായി ഏറ്റവുമധികം ഗ്രന്ഥശാലകള്‍ ഇവിടെയാണുള്ളത്. അതു പ്രയോജനപ്പെടുത്താനാകണം. ഒരോരുത്തരും വായനയുടെ പ്രചാരകരായി മാറി അറിവിന്റെലോകം കൂടുതല്‍ വിസ്തൃതമാക്കണം – അദ്ദേഹം പറഞ്ഞു.
മാനുഷികമൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് വായന അത്യന്താപേക്ഷിതമാണെന്ന് വായനാദിന സന്ദേശം നല്‍കിയ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് പറഞ്ഞു. സര്‍വ്വവിജ്ഞാന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി.സുകേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ.രമ വി., സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. മുരുകദാസ്, കേരള യൂണിവേഴ്സിറ്റി ബി എഡ് സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ.ജെ.ലതാകുമാരി, കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.എന്‍.ഷണ്‍മുഖദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രന്ഥശാലപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈബ്രറി കൗണ്‍സില്‍ നടത്തിയ നാടകമത്സരത്തില്‍ ഒന്നാമതെത്തിയ ‘ഒറ്റ്’ നാടകത്തിലെ കലാകാര•ാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ജി. ശങ്കരക്കുറുപ്പിന്റെ കവിതയായ സൂര്യകാന്തിയുടെ നൃത്താവിഷ്‌കാരവും അരങ്ങേറി.