അങ്കണവാടി കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഊന്നൽ നൽകി അത്യാധുനിക സാങ്കേതിക വിദ്യയോടെ അങ്കണവാടി കൈപുസ്തകം ‘അങ്കണ പൂമഴ’ പരിഷ്കരിച്ച് പുറത്തിറക്കി വനിതാ ശിശുവികസന വകുപ്പ്. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ അധ്യയന വര്‍ഷം മുതല്‍ ഡിജിറ്റൽ രൂപത്തിൽ ‘അങ്കണ പൂമഴയുടെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചത് . മൂന്നും നാലും വയസ്സുള്ള കുട്ടിയ്ക്കായി ‘അങ്കണപ്പൂമഴ’ എന്ന പേരിൽ വെവ്വേറെ പുസ്തകങ്ങളുണ്ടാവും.

വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്ന ശാസ്ത്രീയമായ മാറ്റങ്ങളാണ് പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനൊപ്പം, ടീച്ചർമാർക്കായുള്ള പേജുകൾ ക്യു.ആർ. കോഡ് ഉപയോഗിച്ച് ഡിജിറ്റലാക്കി പരിഷ്കരിച്ച് പുതിയ പതിപ്പിൽ ലഭ്യമാണ് . കൂടാതെ, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികൾക്ക് കഥകളും പാട്ടുകളും കാണാനും കേൾക്കാനുമുള്ള സൗകര്യങ്ങളും പുസ്തകത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഉന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയ പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിച്ചത്.

വേനലും മഴയും തുടങ്ങിയ കാലാവസ്ഥ വ്യതിയാനങ്ങൾ, ഓണവും റംസാനും ക്രിസ്മസും പോലെയുള്ള ഉത്സവങ്ങൾ എന്നിവയെല്ലാം ഇനിമുതൽ അതതു മാസങ്ങളിലെ അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പഠിക്കാം. കുട്ടികൾക്കിണങ്ങുന്ന രീതിയിൽ പഠിപ്പിക്കാൻ പാവ, കളിപ്പാട്ടം, ചിത്രം, വായന,കളി, ശാസ്ത്രം തുടങ്ങിയവയ്ക്ക് ഓരോ മൂലകൾ ക്ലാസ്‌മുറിയിൽ ഒരുക്കും. പാട്ടും കളിയുമൊക്കെ ക്യു.ആർ. കോഡ് വഴി ഡൗൺലോഡു ചെയ്യാം. ശാരീരികം, ജ്ഞാനം, ഭാഷ, സാമൂഹികം, വൈകാരികം എന്നിങ്ങനെ അഞ്ചു മേഖലകളിലെ വികാസവും 121 ശേഷികളും ലക്ഷ്യമിട്ടു തയ്യാറാക്കിയതാണ് ഉള്ളടക്കം.

ജനുവരി മുതൽ ഡിസംബർ വരെ പഠിപ്പിക്കാൻ 30 പ്രമേയങ്ങളും വികസിപ്പിച്ചിട്ടുണ്ട്. കുട്ടി ഏതൊക്കെ വികാസഘട്ടം നേടിയെന്നും എന്തൊക്കെ മെച്ചപ്പെടണമെന്നും രക്ഷിതാവുമായി ചർച്ചചെയ്തു നിശ്ചയിക്കുന്ന രീതിയിലാണ് മൂല്യനിർണയം.

error: Content is protected !!