കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷന്‌ രൂപംനൽകാൻ കേരളം. ലോക കേരള സഭയിലുയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇക്കാര്യം പരിഗണിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളാൻ പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവ രൂപീകരിക്കാനും ലോക കേരളസഭ തീരുമാനിച്ചു. 

കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കലകളെ കോർത്തിണക്കി വിവിധ രാജ്യങ്ങളിൽ പരിപാടി സംഘടിപ്പിക്കും. കുടിയേറ്റ തൊഴിലാളികളോട് ന്യായമായ സമീപനം സ്വീകരിക്കാൻ ആതിഥേയ രാജ്യങ്ങളോട്‌ ആവശ്യപ്പെടും. ഇക്കാര്യത്തിൽ കേന്ദ്രം മുൻകൈയെടുക്കണം. വിദേശ രാജ്യങ്ങളുമായുള്ള കരാറിൽ കുടിയേറ്റവും വിഷയമാക്കാൻ ഇതര സംസ്ഥാനങ്ങളുമായി ചേർന്ന് കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. പ്രവാസം അവസാനിപ്പിച്ചെത്തുന്നവർക്ക്‌ വാർധക്യകാലം ചെലവഴിക്കാൻ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്‌. പ്രവാസികൾക്ക്‌ ആശയങ്ങൾ പങ്കുവെക്കാൻ ലോക കേരളം പോർട്ടൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. ലോക കേരളസഭയ്‌ക്ക്‌ നിയമപരിരക്ഷ നൽകും. ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും.

 വിദേശ സർവകലാശാലകൾ, കോഴ്സുകൾ, തൊഴിൽ നിയമങ്ങൾ എന്നിവ  നോർക്കയുടെയും ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാനുള്ള ബോധവൽക്കരണം ക്യാമ്പസുകൾ കേന്ദ്രീകരിച്ചും സംഘടിപ്പിക്കും.
ഗൾഫ് രാജ്യങ്ങളിലെ നിയമസഹായ മാതൃക യൂറോപ്യൻ രാജ്യങ്ങളിലേക്കും ഓഷ്യാനിയ, സെൻട്രൽ ഏഷ്യാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഗാർഹിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും വെല്ലുവിളികളും കൈകാര്യം ചെയ്യാൻ ഇന്ത്യൻ എംബസിയുടെ കീഴിൽ വനിതാ സെൽ രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. 

 ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കാനും ആലോചനയുണ്ട്‌. സഭയിലുയർന്ന ക്രിയാത്മക നിർദ്ദേശങ്ങളുടെ സാധ്യതകൾ പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!