കടയ്ക്കൽ: ഭാര്യയ്‌ക്കെതിരെ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനാൽ ഭർത്താവ് പൊലീസ് ജീപ്പുകൾ അടിച്ചുതകർത്തു. ഞായർ പുലർച്ചെ ചിതറ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ചിതറ പുതുശ്ശേരി ലളിത ഭവനിൽ ധർമദാസ്(52) ആണ് കളമാന്തി ഉപയോഗിച്ച് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ അടിച്ചുതകർത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ഉടമസ്ഥയിലുള്ള വസ്തുവിറ്റപ്പോൾ ലഭിച്ച പണം ഭാര്യ നൽകുന്നില്ലെന്ന പരാതിയുമായാണ് ധർമദാസ് പൊലീസിനെ സമീപിച്ചത്. പണം ഭാര്യ ബന്ധുക്കൾക്ക് കൊടുത്തെന്നായിരുന്നു പരാതി. 

ഇരുകൂട്ടരെയും ശനിയാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ധർമദാസ് പണം ധൂർത്തടിക്കുമെന്നതിനാൽ മക്കളുടെ പേരിൽ പോസ്റ്റ്‌ഓഫീസിൽ നിക്ഷേപിച്ചതായി ഭാര്യ പറഞ്ഞു. ഇതിനുള്ള തെളിവും ഇവർ ഹാജരാക്കി. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായെന്നും മോഷണക്കുറ്റത്തിന് ഭാര്യക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു ധർമദാസിന്റെ ആവശ്യം. കേസെടുക്കാൻ പൊലീസ് തയ്യാറാകാതിരുന്നതോടെ ഞായർ പുലർച്ചെ 5.30ന് മടങ്ങിയെത്തിയ ഇയാൾ സ്റ്റേഷനിലെ വാഹനങ്ങൾ അടിച്ചുതകർക്കുകയായിരുന്നു. ശബ്ദംകേട്ട് പൊലീസുകാർ എത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ടാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

error: Content is protected !!