
പറമ്പിൽനിന്ന് കിട്ടിയ മൂർഖൻ പാമ്പിന്റെ പതിനാലുമുട്ടകളും വിരിഞ്ഞു. വനംവകുപ്പ് റസ്‌ക്യു ടീമംഗവും മൃഗസംരക്ഷണ പ്രവർത്തകരുടെ കൂട്ടായ്‌മയായ മാർക്കിന്റെ പ്രവർത്തകനുമായ പനങ്കാവിലെ ജിഷ്‌ണു രാജാണ് കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കി മുട്ടകൾ വിരിയിച്ചത്. ഈ മാസം ഒന്നിന് വളപട്ടണത്തെ ഒരു വീട്ടുപറമ്പിൽ മൂർഖൻപാമ്പിനെ പിടിക്കാനെത്തിയതായിരുന്നു ജിഷ്‌ണു. പാമ്പിനെ പിടിച്ച് വനംവകുപ്പിന് കൈമാറിയശേഷം നടത്തിയ പരിശോധനയിൽ മാളത്തിൽ 14 മുട്ട കണ്ടെത്തി.
തുടർന്ന് വനംവകുപ്പിന്റെ അനുമതിയോടെ മുട്ട വിരിയിക്കാനായി വീട്ടിലേക്ക് കൊണ്ടുവന്നു. പ്ലാസ്‌റ്റിക് ഡ്രമ്മിൽ അമിത ചൂടും തണുപ്പുമില്ലാത്ത അന്തരീക്ഷമുണ്ടാക്കിയാണ് മുട്ടകൾ വിരിയിക്കാൻ വച്ചത്. മാളത്തിന് സമാനമായ അന്തരീക്ഷമുണ്ടാക്കാൻ ഡ്രമ്മിൽ മണ്ണ് നിറച്ച് മുകളിൽ മരപ്പൊടി വിതറിയാണ് മുട്ടകൾ വിരിയിക്കാൻ വച്ചത്. ശനി, ഞായർ ദിവസങ്ങളിലായി മുഴുവൻ മുട്ടകളും വിരിഞ്ഞു. വനംവകുപ്പിന്റെ നിർദേശാനുസരണം തിങ്കളാഴ്‌ച ഇവയെ പ്രകൃതിദത്ത ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിടും.

