
കടയ്ക്കൽ : വേനലിൽ വറ്റിവരണ്ട മീൻമുട്ടി വെള്ളച്ചാട്ടം മഴ തുടങ്ങിയതോടെ വീണ്ടും സജീവമായി. അരയാൽ വേരുകൾക്കിടയിലൂടെ ആഴത്തിൽ പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ ദിനംപ്രതി നിരവധി പേരാണ് ഇവിടെ എത്തുന്നത്. വെള്ളച്ചാട്ടത്തിലെ പാറകളിൽ നിരവധി കൊത്തുപണികളുമുണ്ട്. ശ്രീനാരായണഗുരു സന്ദർശനം നടത്തിയ ഇടം എന്ന നിലയിൽ ചരിത്രപ്രാധാന്യവും മീൻമുട്ടിക്കുണ്ട്. തിരുവനന്തപുരം– കൊല്ലം ജില്ലകളുടെ അതിർത്തിയിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

മടത്തറ വനമേഖലയിൽനിന്ന് ഉത്ഭവിക്കുന്ന തോടാണ് മീൻമുട്ടി വഴി കടന്നുപോകുന്നത്. വാമനപുരം നദിയിലേക്കാണ് ചെന്നുചേരുന്നത്. നേരത്തെ കടയ്ക്കൽ പഞ്ചായത്തിന്റെ പരിധിയിൽ ആയിരുന്നപ്പോൾ ഇവിടെ ലുക്ക് ഔട്ട് പോയിന്റും ഇരിപ്പിടങ്ങളും നിർമിച്ചിരുന്നു

പിന്നീട് കുമ്മിൾ പഞ്ചായത്തിന്റെ ഭാഗമായപ്പോൾ മീൻമുട്ടിയിലേക്ക് പുതിയ റോഡും നിർമിച്ചു. ഡിടിപിസി കവാടവും പാലവും നിർമിച്ചതോടെ പ്രദേശം കൂടുതൽ മനോഹരമായി. നിരവധി സിനിമ- സീരിയലുകൾ ചിത്രീകരിച്ചിട്ടുള്ള മീൻമുട്ടിയിൽ ഇക്കോ ടൂറിസം നടപ്പായാൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും സഞ്ചാരികളും.


