തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in/ വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.
ജൂണ്‍ 21 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുള്ള 50 വാര്‍ഡുകളിലെ പ്രവാസി ഭാരതീയര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം.
വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in/ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അക്ഷയ സെന്റര്‍ തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹീയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.
വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകന്‍ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫാറത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍.
ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അപേക്ഷകളിലും ആക്ഷേപങ്ങളിലും സ്വീകരിക്കുന്ന നടപടിക്കെതിരെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം.