ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയും 2024 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചും 2024 ജൂണ്‍ ജൂലൈ മാസങ്ങളില്‍ സംക്ഷിപ്ത പുതുക്കല്‍ (സമ്മറി റിവിഷന്‍) നടത്താന്‍ തീരുമാനിച്ചതായി ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പല്‍ കൗണ്‍സില്‍-കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ പരിപാടി നടത്താന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ 21 വരെ സ്വീകരിക്കും.
വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയതിയായ 2024 ജനുവരി 1-ാം തീയതിയോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫാറം 4-ലും തിരുത്തല്‍ വരുത്തുന്നതിന് ഫാറം 6-ലും ഒരു വാര്‍ഡില്‍ നിന്നോ പോളിംഗ് സ്റ്റേഷനില്‍ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിന് ഫാറം 7-ലും അപേക്ഷകള്‍ sec.kerala.gov.in മുഖാന്തിരമോ സര്‍ക്കാര്‍ അംഗീകൃത ജനസേവനകേന്ദ്രങ്ങള്‍ മുഖനയും സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയി ഹിയറിംഗ് നോട്ടീസ് ലഭിക്കും. ജൂലൈ 1-ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി.