നീന്തൽ പരിശീലന കേന്ദ്രമായി വികസിപ്പിക്കാനുള്ള സാധ്യതയേറിയതോടെ ചിങ്ങേലി കുളത്തിലെ നീന്തൽ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. കുമ്മിൾ പഞ്ചായത്ത് കുളം നവീകരിക്കാനുള്ള നടപടികൾ തുടങ്ങി.
കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ വാർഡിലാണ് ഈ കുളം എന്നാൽ കാലാകാലങ്ങളായി നവീകരിക്കാത്തതിനാൽ നാളുകളായി പായലും, പാഴ് വസ്തുക്കളും നിറഞ്ഞ് വശങ്ങളും,പടവുകളും നശിച്ച അവസ്ഥയിലാണ്.നേരത്തെ കുളിക്കുന്നതിനും, നീന്തൽ പരിശീലനത്തിനും ഉൾപ്പടെ കുളം പ്രയോജനപ്പെടുത്തിയിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണിത്,ഏറ്റവും അനുയോജ്യ സൗകര്യമുള്ള കുളത്തിന്നെ നീന്തൽ പരിശീലനം കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പലതവണ ഇതിനായി പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും നടപ്പായില്ല.ഒടുവിൽ 2020 ലെ സംസ്ഥാന ബഡ്ജറ്റിൽ ഒരുകോടി അനുവദിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നീന്തൽ പരിശീലന സൗകര്യം ഒരുക്കണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം എന്നാൽ തുക അനുവദിച്ചു വെങ്കിലും കുളത്തിന് സമീപത്തെ വസ്തു സംബന്ധിച്ച തർക്കം മൂലം തുടർനടപടികൾ ഉണ്ടായില്ല. നൂറ്റാണ്ട് പഴക്കമുള്ള കുളം വെള്ളൂർ എലയിലെ ഏക്കറുകണക്കിനുവരുന്ന നെൽകൃഷിക്കായും ഉപയോഗിച്ചിരുന്നു.
ചിങ്ങേലിക്കുളം ഒരു ഓർമ്മ ചിത്രം
നെൽകൃഷി നിലച്ചതോടെ കുളത്തിന്റെ ആവശ്യകത കുറഞ്ഞു.പിന്നീട് പഞ്ചായത്ത് ഏറ്റെടുത്തത് കുളം വികസിപ്പിച്ചെങ്കിലും സംരക്ഷണം ഇല്ലാതെ നശിക്കുകയായിരുന്നു.വസ്തു പാട്ടം സംബന്ധിച്ച വിഷയത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെടുകയും നവകേരള സദസിൽ അടക്കം പരാതി ഉന്നയിക്കുകയും ചെയ്തു, ഇതിനെ തുടർന്ന് പാട്ടത്തിന് നൽകിയിരുന്ന ലിസ്റ്റ് റദ്ദാക്കിയത് അടക്കമുള്ള അനുകൂല ഇടപെടൽ ഉണ്ടായതായും വസ്തു ലഭ്യമാകുന്നതോടെ കുളം നവീകരണത്തിന് കഴിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ മധു പറഞ്ഞു.