ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. ഒറ്റ ദിവസം കൊണ്ട്‌ മൂന്ന് പേര്‍ക്ക്  ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്‌ രാജ്യത്ത് ആദ്യമാണ്.

സര്‍ക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണിത്‌. പദ്ധതിയുടെ ഭാഗമായി  മൂന്ന് പേര്‍ക്കും  ഇംപ്ലാന്റ് വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമാക്കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ജന്മനാ കേൾവി തകരാറുള്ള കോഴിക്കോട് സ്വദേശികളായ 20 വയസുകാരിയ്ക്കും 8 വയസുകാരിയ്ക്കും വയനാട് സ്വദേശിയായ 23 വയസുകാരനുമാണ് ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 6 ലക്ഷം രൂപയോളം വില വരുന്നതാണ് ഓരോ ഇംപ്ലാന്റും. ഇതിലൂടെ പുറം ചെവിയും മധ്യ ചെവിയിലുമുള്ള തകരാറുകള്‍ മറികടക്കാം. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റബിള്‍ ഹിയറിംഗ് ഡിവൈസ് കെഎംഎസ്‌സിഎല്‍ മുഖേനയാണ് ലഭിച്ചത്‌.

ഇഎന്‍ടി വിഭാഗം മേധാവി ഡോ. സുനില്‍കുമാര്‍, പ്രൊഫസര്‍മാരായ ഡോ. അബ്ദുല്‍സലാം, ഡോ. എം കെ ശ്രീജിത്ത്, സീനിയര്‍ റസിഡന്റ് ഡോ. സഫ, അനസ്‌തേഷ്യ വിഭാഗം പ്രൊഫസര്‍ ഡോ. ശ്യാം, ഡോ. വിപിന്‍, സ്റ്റാഫ് നഴ്‌സുമാരായ ദിവ്യ, തെരേസ, ശ്യാമ, സബിത, ഓഡിയോളജി വിഭാഗം തലവന്‍ സമീര്‍ പൂത്തേരി, ഓഡിയോളജിസ്റ്റ് നസ്ലിന്‍, ക്ലിനിക്കല്‍ സ്‌പെഷ്യലിസ്റ്റ് നിഖില്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!