കോഴിക്കോട് പുതിയങ്ങാടിയില്‍ രണ്ട് കോടി രൂപയോളം വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ കേസില്‍ ഒരാള് കൂടി പിടിയില്‍. കോഴിക്കോട് പെരുവണ്ണാമൂഴി മുതുകാട് സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

വെള്ളയില്‍ പോലീസ് കഴിഞ്ഞ മാസം19ന് പുതിയങ്ങാടിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത് 779 ഗ്രാം എം.ഡി.എം.എയും, 80 എല്‍.എസ്.ഡി സ്റ്റാമ്പുകളുമുള്‍പ്പെടെ രണ്ടു കോടിരൂപയോളം വില മതിക്കുന്ന ലഹരി മരുന്നായിരുന്നു. വാടക വീട്ടിലുണ്ടായിരുന്ന ഷൈന്‍ ഷാജിയും കൂട്ടാളി ആല്‍ബിന്‍ സെബാസ്റ്റ്യനും പോലീസെത്തിയതോടെ കടന്നു കളഞ്ഞു. കേരളം വിട്ട ഷൈനും ആല്‍ബിനും പോലീസിന് പിടി കൊടുക്കാതിരിക്കാന്‍ ഗോവയിലും ദില്ലിയിലും ബംഗളരുവിലുമായി മാറി മാറി താമസിക്കുകയായിരുന്നു.

പോലീസും ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഷൈന്‍ ഷാജി കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ വെച്ച്പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരങ്ങളാണ് അന്വേഷണ സംഘത്തെ ആല്‍ബിനിലേക്കുമെത്തിച്ചത്. കുമളിയില്‍ വെച്ച് ആല്‍ബിനും പിടി വീണു.

ഇരുവരും ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് കോഴിക്കോട്ടെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പതിവ്. ഇവര്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സിന് പഠിക്കുമ്പോഴാണ് ഷൈന്‍ ഷാജിയും ആല്‍ബിനും സുഹൃത്തുക്കളാകുന്നത്. ജോലിക്കായി ഇരുവരും പിന്നീട് അര്‍മേനിയക്ക് പോയെങ്കിലും നാലു മാസം അവിടെ നിന്ന ശേഷം കോഴിക്കോട് തിരിച്ചെത്തി മയക്കു മരുന്നു കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.

ആല്‍ബിന്‍ നാട്ടിലെത്തിയ കാര്യം വീട്ടുകാര്‍ അറി‍ഞ്ഞിരുന്നില്ല. വെള്ളയിൽ പൊലീസ് ആല്‍ബിനെ തെരഞ്ഞ് മുതുകാട്ടിലെ വീട്ടിലെത്തിയപ്പോഴാണ് മകന്‍ ലഹരിക്കടത്തിലെ കണ്ണിയായി നാട്ടിലുണ്ടെന്ന വിവരം വീട്ടുകാരും അറിയുന്നത്.