
ആലുവ: കുട്ടുകാരിക്ക് സന്ദേശമയച്ചതിന്‍റെ പേരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. അയ്യമ്പുഴ സ്വദേശിയായ യുവാവിനെയാണ് ഏഴംഗ സംഘം കൊല്ലാൻ ശ്രമിച്ചത്. കേസിൽ കാലടി മറ്റൂരിലെ ഗൗതം കൃഷ്ണ, അലക്സ്, ശിവപ്രസാദ്, അഭിജിത്ത്, ആകാശ്, മാർട്ടിൻ, അങ്കമാലി പുളിയനത്തെ ഗോകുൽ എന്നിവരാണ് പിടിയിലായത്. ഏഴുപേരും 25 വയസ് തികയാത്തവരാണ് പൊലീസ് പറഞ്ഞു.
കേസിലെ പ്രതിയായ ഗൗതത്തിന്റെ കൂട്ടുകാരിക്ക് സന്ദേശമയച്ചതിന്റെ വൈരാഗ്യത്തിലാണ് ഇവർ അയ്യമ്പുഴക്കാരനായ യുവാവിനെ കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മറ്റൂരിൽ ഒരു റെസ്റ്റോറൻറിന് സമീപത്ത് വെച്ചാണ് ആദ്യം യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചത്. പക്ഷേ യുവാവ് ഓടി രക്ഷപ്പെട്ടു. എന്നാൽ പുലർച്ചെ മറ്റൂരിലെ വീട്ടിലെത്തി യുവാവിനെ ബലമായി പിടിച്ചു കൊണ്ടു വന്ന് ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച് മർദിക്കുകയും വടിവാളു കൊണ്ട് വെട്ടുകയും ചെയ്തു.


