
മാന്നാർ: മാവേലിക്കരയിൽ നിന്നും മാന്നാറിലേക്കുള്ള യാത്രാ മധ്യേ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. കായംകുളം-തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന മുഴങ്ങോടിയിൽ ബസിലെ ജീവനക്കാരായ വിഷ്ണു, രഞ്ജിത് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് പാണ്ടനാട് സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ചത്.
മാവേലിക്കരയിൽ നിന്നും ബസിൽ കയറിയ യുവതി മാന്നാർ കോയിക്കൽ ജംഗ്ഷനിൽ എത്തിയപ്പോൾ ബസിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഇതുകണ്ട സഹയാത്രക്കാർ സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ബസ് ഡ്രൈവർ വിഷ്ണു കുഴഞ്ഞ് വീണ യുവതിയുമായി ബസ് പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിൽ എത്തിച്ചു. ബസ് ആശുപത്രിയിൽ എത്തുന്നത് കണ്ടയുടൻ പരുമല ആശുപത്രി ജംഗ്ഷനിലെ ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പടെയുള്ളവരും ബസ് ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേർന്ന് യുവതിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.



