ഫരീദാബാദ് > മകളെ കാണാനില്ലെന്ന് പിതാവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് സംഘം കണ്ടെത്തിയത് അമ്മ 10 മാസം മുമ്പ് കുഴിച്ചിട്ട മകളുടെ മൃതദേഹം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ജൂൺ ഏഴിനാണ് മകളെ കുറച്ചുനാളായി കാണാനില്ലെന്നു പറഞ്ഞ് സൗദിയിൽ താമസിക്കുന്ന പിതാവ് പൊലീസിന് മെയിൽ വഴി പരാതി നൽകിയത്. തുടർന്ന് വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിച്ചിട്ടത് കണ്ടെത്തിയത്.

ഫരീദാബാദ് സ്വദേശിനിയായ പ്രവീണ (17)യാണ് മരിച്ചത്. സംഭവത്തിൽ അമ്മ അനിത ബീ​ഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ താൻ കൊന്നതല്ലെന്നും മകൾ ആത്മഹത്യ ചെയ്തതാണെന്നുമാണ് അമ്മയുടെ മൊഴി. വിവരം പുറത്തറിഞ്ഞാലുള്ള നാണക്കേട് കാരണം മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടതാണെന്ന് അമ്മ സമ്മതിച്ചിട്ടുണ്ട്.

മകൾ ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും ഇറങ്ങിപ്പോകാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് അമ്മയുടെ മൊഴി. അതുകൊണ്ട് പെൺകുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരം പുറത്തറിഞ്ഞാൽ കുടുംബത്തിന് നാണക്കേടാകുമെന്ന് കരുതി രണ്ട് പേരുടെ സഹായത്തോടെ മൃതദേഹം വീട്ടിനുള്ളിൽ അടക്കുകയായിരുന്നുവന്ന് അനിത കുറ്റസമ്മതം നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയുകയുള്ളു. പിതാവ് പരാതി നൽകാൻ വൈകിയതടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.