കൊല്ലം മെഡിക്കല്‍ കോളജിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം വര്‍ധിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശിച്ചു. ചേമ്പറില്‍ ജി. എസ്. ജയലാല്‍ എം. എല്‍. എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതിയോഗത്തില്‍ അധ്യക്ഷത വഹിക്കവെ പൊതുമേഖലാ സ്ഥാപനങ്ങളുടേതടക്കം സാമൂഹ്യസുരക്ഷാ ഫണ്ട് വിനിയോഗിക്കാന്‍ അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കി സമര്‍പിക്കാനും ആവശ്യപ്പെട്ടു.

വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് താത്ക്കാലികവും അല്ലാതെയുമുള്ള ജീവനക്കാരെ നിയോഗിക്കും.


വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അഗ്നിസുരക്ഷാ വിഭാഗത്തിന്റേത് ഉള്‍പ്പടെയുള്ള സുരക്ഷാ പരിശോധനകള്‍ അടിയന്തരമായി നടത്തണം. അത്യാവശ്യ അറ്റകുറ്റപണികള്‍ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ ഏകോപനത്തോടെ നിര്‍വഹിക്കണം.

ആശുപത്രിയിലെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിക്കുന്നതിന് ചാര്‍ട്ടഡ് അകൗണ്‍ന്റുകളുടെ പാനല്‍ രൂപീകരിക്കാനും തീരുമാനിച്ചു. ആശുപത്രി വികസന സമിതി അംഗങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.