സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് നിന്ന് അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ആദ്യ കയറ്റുമതി ചൊവാഴ്ച്ച രാവിലെ 10ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സഹകരണ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
കേരളത്തിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ മൂന്ന് സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്.
വാരപ്പെട്ടി സഹകരണസംഘത്തിന്റെ മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി എന്നിവയാണ് ആദ്യമായി യുഎസ്എയിലേക്കു കയറ്റുമതി ചെയ്യുന്നത്.
കോതമംഗലം ആസ്ഥാനമായുള്ള മഠത്തില്‍ എക്സ്പോര്‍ട്ടേഴ്സാണ് ഉല്‍പന്നങ്ങള്‍ അമേരിക്കന്‍ വിപണിയിലെത്തിക്കാനുള്ള ചുമതല. കൂടുതല്‍ സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുള്ള രണ്ടാമത്തെ ചരക്ക് ജൂലൈ ആദ്യവാരം കയറ്റുമതി ചെയ്യും.