
വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഇതോടെ കയറ്റുമതിയ്ക്കും, ഇറക്കുമതിയ്ക്കും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി.
സെക്ഷൻ 7 എ പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പൂർത്തിയാക്കിയതിനെത്തുടർന്നാണ് വിഴിഞ്ഞത്തിന് അംഗീകാരം ലഭിച്ചത്. ഓഫിസ് സൗകര്യങ്ങൾ, കെട്ടിടം, കംപ്യൂട്ടർ സംവിധാനം, സെർവർ റൂം സൗകര്യം എന്നിവയുൾപ്പെടെ 12 മാർഗനിർദേശങ്ങളാണ് കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ചിരുന്നത്.
സെക്ഷൻ എട്ട്, 45 പ്രകാരമുള്ള അംഗീകാരങ്ങളും പോർട്ട് കോഡും വിഴിഞ്ഞത്തിന് ഇനി ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം തുറമുഖത്ത് ഒരുക്കിയതായും മന്ത്രി പറഞ്ഞു. മാതൃകപ്പലിൽനിന്ന് ചെറുകപ്പലുകളിലേക്ക് ചരക്കുനീക്കം നടത്തുന്ന ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി നേരത്തെ വിഴിഞ്ഞത്തിന് സെക്ഷൻ 7 അനുമതി കൂടി ലഭിച്ചതോടെ വലിയ സാധ്യതയാണ് വിഴിഞ്ഞത്ത് തുറക്കുന്നത്. ചരക്കുനീക്കത്തിൽ നിർണായക തുറമുഖമായി വിഴിഞ്ഞം മാറുമെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.



