പഞ്ചകൃഷിയുടെ ആരംഭം കുറിച്ചുള്ള പരമ്പരാഗത ആഘോഷമായ കമ്പളത്തിന് പാലക്കാട് അട്ടപ്പാടിയില്‍ തുടക്കം. കൃഷി കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് കമ്പളം സംഘടിപ്പിക്കുന്നത്.
ഷോളയൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ 18ന് ഊത്തുകുഴിയിലായിരുന്നു ഈ വര്‍ഷത്തെ ആദ്യ കമ്പളം.
രാവിലെ 11 ന് ആഘോഷങ്ങള്‍ക്ക് തുടക്കമായി. പരമ്പരാഗത സംഗീതത്തിന്റെ അകമ്പടിയോടെ കൃഷിയിടത്തിലേക്ക് വിത്തും പണി ആയുധങ്ങളും എത്തിക്കുകയും മണ്ണൂക്കാരന്റെ നേതൃത്വത്തില്‍ ഭൂമി പൂജയും വിത്ത് വിതക്കലും നടത്തുകയും ചെയ്തു.
ഊരു മൂപ്പന്‍, ഭണ്ഡാരി, കുടുതലാ, കുടുംബശ്രീ ഊരുസമിതി ഭാരവാഹികള്‍, പഞ്ചായത്ത് സമിതി ഭാരവാഹികള്‍, കര്‍ഷകര്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 250ലേറെ പേര്‍ കമ്പളത്തിന്റെ ഭാഗമായി.
കുടുംബശ്രീ അട്ടപ്പാടി സമഗ്ര വികസന പദ്ധതിയുടെ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ബി.എസ്. മനോജ്, പഞ്ചായത്ത് സമിതി ഭാരവാഹികളെയും മണ്ണൂക്കാരനെയും കര്‍ഷകരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പരമ്പരാഗത സംഗീതവും നൃത്തവും അവതരിപ്പിക്കുകയും പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ കഴിക്കുകയും ചെയ്തു. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സമിതി സെക്രട്ടറി പ്രജ, പ്രസിഡന്റ് സെലീന ഷണ്മുഖം തുടങ്ങിയവര്‍ കമ്പളത്തിന്റെ ഭാഗമായി.
ഈ വര്‍ഷം അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി 1000 ഏക്കറില്‍ ചെറുധാന്യ കൃഷി നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ അഗളി, ഷോളയൂര്‍, കുറുമ്പ, പുതൂര്‍ എന്നീ പഞ്ചായത്ത് സമിതികളില്‍ അഞ്ച് വീതം മോഡല്‍ ഫാം തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.