മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക്പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയില്‍ കുത്തിവയ്പ് ക്യാമ്പുകള്‍ക്ക് തുടക്കം. തുടര്‍ച്ചയായി അഞ്ചുദിവസം നീളുന്ന ക്യാമ്പയിനിലൂടെ പൂര്‍ണ്ണരോഗനിയന്ത്രണമാണ് ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു.

നാലു മുതല്‍ എട്ടു മാസംവരെ പ്രായമുള്ള പശു-എരുമക്കിടാങ്ങള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ഒരിക്കല്‍ കുത്തിവയ്പിനു വിധേയമായാല്‍ ബ്രൂസല്ല രോഗത്തില്‍നിന്നും സമ്പൂര്‍ണ പരിരക്ഷ കിട്ടും. ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ രണ്ടാംഭാഗമായാണ് ക്യാമ്പുകള്‍. 78 സ്‌ക്വാഡുകള്‍ പി.പി.ഇ കിറ്റുകള്‍ ധരിച്ചാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്. ക്ഷീരസംഘങ്ങള്‍, സന്നദ്ധസംഘടനകളുടെ ഓഫീസുകള്‍, കര്‍ഷകസംഘടന ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ് ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കി.

കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. എല്‍. അജിത് അധ്യക്ഷനായി.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, അസി. പ്രോജക്ട് ഓഫീസര്‍മാരായ ഡോ.ഷീബ പി. ബേബി, ഡോ. എസ്. ദീപ്തി, ഡോ.കെ. എസ്. സിന്ധു, ഡോ.എസ്. പ്രമോദ്, ഡോ.കെ. ജി. പ്രദീപ്, ഡോ. സുജ റ്റി. നായര്‍, ജില്ലാ എപിഡമിയോളജിസ്റ്റ് ഡോ. ആര്യ സുലോചനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.