
ലഖ്നൗ: മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന രോഗിയായ പിതാവിന്റെ ആഗ്രഹം നടത്തിക്കൊടുത്ത് ഡോക്ടർമാർ. പിതാവിന്റെ അഭ്യർഥന മാനിച്ച് ഐസിയു വിവാഹവേദിയായി. ലഖ്‌നൗവിലെ ഇറ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന പിതാവിൻ്റെ അഭ്യർത്ഥന മാനിച്ചാണ് രണ്ട് പെൺമക്കളുടെ വിവാഹത്തിന് ആശുപത്രി അധികൃതർ സമ്മതിച്ചത്. പെൺമക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഡിസ്ചാർജ് ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് വിവാഹം ഐസിയുവിലാക്കിയത്.
51 കാരനായ സയ്യിദ് ജുനൈദ് ഇഖ്ബാലിനെയാണ് നെഞ്ചുവേദനയെ തുടർന്ന് രണ്ടാഴ്ച മുമ്പ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. തൻ്റെ രണ്ട് പെൺമക്കളായ തൻവിലയുടെയും ദർകശൻ്റെയും വിവാഹം ജൂൺ 22 ന് മുംബൈയിൽ വലിയ ചടങ്ങിൽ നടത്താൻ തീരുമാവിച്ചിരുന്നു. എന്നാൽ ഇഖ്ബാലിന് പെട്ടെന്ന് അസുഖം ബാധിച്ചതോടെ വിവാഹച്ചടങ്ങ് പ്രതിസന്ധിയിലായി. വിവാഹത്തിൽ പങ്കെടുക്കാൻ ഡിസ്ചാർജ് ചെയ്യണമെന്ന് ഇയാൾ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ വിസ്സമ്മതിച്ചു. നെഞ്ചിൽ അണുബാധയുണ്ടെന്നും രോഗം ഗുരുതരമാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. എങ്ങനെയെങ്കിലും മക്കളുടെ നിക്കാഹെങ്കിലും തന്റെ സാന്നിധ്യത്തിൽ വേണമെന്ന് അഭ്യർഥിച്ചു.
ഏറെ ആലോചനകൾക്ക് ശേഷം ആവശ്യമായ എല്ലാ മുൻകരുതലുകളോടെയും ആശുപത്രി അധികൃതർ ഐസിയുവിലെ വിവാഹത്തിന് അനുമതി നൽകി. വ്യാഴാഴ്ച ഐസിയുവിൽ തൻവിലയുടെ വെള്ളിയാഴ്ച ദർകശന്റെയും നിക്കാഹ് നടന്നുവെന്ന ഇഖ്ബാലിൻ്റെ സഹോദരൻ താരിഖ് സാബ്രി പറഞ്ഞു. ഐസിയു യൂണിഫോം ധരിച്ച ദമ്പതികളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി. പെൺമക്കളുടെ വിവാഹത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമാണെന്നും ഇഖ്ബാൽ പറഞ്ഞു.


